പത്തനംതിട്ട: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇലന്തൂര്‍ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മേലേതില്‍ വീട്ടിൽ സുധീഷ് (17) ആണ് മരിച്ചത്. അപകട സ്ഥലത്ത് നിന്നും കടന്നു കളഞ്ഞ പത്തനംതിട്ട കുലശേഖരപതി ബീവാത്തുമ്മ പുരയിടത്തില്‍ സഹദ് (23)നെ ആറന്മുള പൊലീസ് കസ്‌റ്റഡിയിലെടുത്തു.
പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ ഇന്നലെ രാത്രി 9.11 ഓടെയാണ് സംഭവം. ഇന്നലെ രാത്രി സുധീഷിന്‍റെ വീട്ടില്‍ എത്തിയ സഹദ് സുധീഷിനെയും കൂട്ടി ബൈക്കില്‍ കോഴഞ്ചേരിയിലേക്ക് പോയി. കടയിലേക്ക് എന്നു പറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്ന് വീട്ടുകാർ പറഞ്ഞു. സഹദ് ഓടിച്ചിരുന്ന ബൈക്കിന്‍റെ പിന്‍സീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്‌തിരുന്നത്.
പത്തനംതിട്ട കോഴഞ്ചേരി റോഡിൽ എസ്‌എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സഹദും പിന്നിലിരുന്ന സുധീഷും റോഡിലേക്ക് തെറിച്ചു വീണു. ബൈക്കില്‍ നിന്നും തെറിച്ച് തലയിടിച്ചു വീണ സുധീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.