തിരുവനന്തപുരം: കൊച്ചി - മൂന്നാര്‍ സീ പ്ലെയിന് സര്‍വീസ് പരീക്ഷണ പറക്കലിന്‍റെ ആവേശമടങ്ങും മുന്‍പ് പുതിയ സീ പ്ലെയിന്‍ റൂട്ടും ഇറങ്ങാനുള്ള സ്ഥലവും അന്വേഷിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്ത്. അന്വേഷണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് കൊല്ലം അഷ്‌ടമുടിക്കായലിലും തിരുവനന്തപുരത്തെ ശുദ്ധജല തടാകമായ വെള്ളായണി കായലിലുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് അഷ്‌ടമുടിയില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയെങ്കിലും എതിര്‍പ്പുകളും ആരോപണങ്ങളും മൂലം അന്നത്തെ സര്‍ക്കാര്‍ ഉപേക്ഷിച്ചിടത്തേക്കാണ് വീണ്ടും സീ പ്ലെയിന്‍ പദ്ധതി വരാന്‍ തയ്യാറെടുക്കുന്നത്.
സീ പ്ലെയിന്‍ പറക്കാന്‍ അനുയോജ്യമായ കൂടുതല്‍ ജലാശയങ്ങളുടെ സാധ്യത പരിശോധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ കേരള ഹൈഡ്രോഗ്രാഫിക്ക് സര്‍വേ വകുപ്പാണ് അഷ്‌ടമുടി, വെള്ളായണി കായലുകള്‍ ഉള്‍പ്പെടെ സീ പ്ലെയിന് സര്‍വീസ് നടത്താന്‍ അനുയോജ്യമെന്ന് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സര്‍വേ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
കേരളത്തിലെ മുഴുവന്‍ ജലാശയങ്ങളിലും നടത്തിയ സര്‍വേ പ്രകാരം 400 ഓളം ജലാശയങ്ങളാണ് കണ്ടെത്തിയിരുന്നത്. കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഇന്ന് പരീക്ഷണ പറക്കല്‍ നടത്തിയ സീ പ്ലെയിന് സര്‍വീസ് നടത്താന്‍ 1.2 മീറ്റര്‍ ആഴവും 1500 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയും മതി. അഷ്‌ടമുടി, വേമ്പനാട് കായലിലെ നെഹ്റു ട്രോഫി ഫിനിഷിങ് പോയിന്‍റ്, ബോള്‍ഗാട്ടി, ഇടുക്കി ഡാം, മാട്ടുപ്പെട്ടി ഡാം, വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം, വെള്ളായണി കായല്‍ , ശാസ്‌താംകോട്ട കായല്‍, കുമരകം, കാസര്‍കോട് ചന്ദ്രഗിരി പുഴ എന്നിവയാണ് സീ പ്ലെയിന്‍ ലാന്‍ഡിങ്ങിന് അനുകൂലമായ 'സ്‌ട്രിപ്' ആണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിലെ ചീഫ് ഹൈഡ്രോഗ്രാഫര്‍ ഗിരോഷ് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു (സീ പ്ലെയിന്‍ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്ന സ്ഥലത്തെയാണ് സ്‌ട്രിപ് എന്ന് വിളിക്കുന്നത്).
റോഡ് മാര്‍ഗമുള്ള ഗതാഗതത്തേക്കാള്‍ സുഗമമാണ് സീ പ്ലെയിന്‍ സര്‍വീസുകളെന്നും അദ്ദേഹം പറഞ്ഞു. വിവിധ വലുപ്പത്തിലുള്ള സീ പ്ലെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുയോജ്യമാണ് കേരളത്തിലെ പല ജലാശയങ്ങളും. സീ പ്ലെയിന്‍ സര്‍വീസുകള്‍ വിജയമായാല്‍ ലക്ഷദ്വീപിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാക്കുന്ന തരത്തില്‍ സീ പ്ലെയിന് സര്‍വീസ് ആരംഭിക്കാനാകും.