സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് താരമായ ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ അഭിനന്ദിച്ച് യുവരാജ് സിങ്. അഭിഷേകിന്‍റെ മെന്‍ററാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ യുവരാജ് സിങ്. അഭിഷേക് ആദ്യ മത്സരത്തിൽ ഡക്കിന് പുറത്തായിരുന്നു. അതിന്‍റെ നിരാശയാണ് രണ്ടാം മത്സരത്തില്‍ 47 പന്തിൽ നിന്ന് 100 റൺസ് അടിച്ചെടുത്ത് മാറ്റിയിരിക്കുന്നത്.
കളിയിലെ 'പ്ലെയർ ഓഫ് ദി മാച്ചും' പഞ്ചാബ് സ്വദേശിയായ അഭിഷേക് ശര്‍മ തന്നെയായിരുന്നു. അഭിഷേകിൻ്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചയാളാണ് യുവരാജ്. അതുകൊണ്ട് തന്നെ യുവ താരത്തിന്‍റെ ആദ്യ സെഞ്ച്വറിക്ക് അഭിനന്ദനം അറിയിച്ച് യുവരാജ് എക്‌സില്‍ സന്ദേശം പോസ്റ്റ് ചെയ്‌തിരുന്നു. പോസ്റ്റിനൊപ്പം അഭിഷേകിൻ്റെ ഇതുവരെയുള്ള യാത്ര കാണിക്കുന്ന വീഡിയോയും ചേര്‍ത്തിട്ടുണ്ട്.