മുംബൈ:സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റം. ടി20 ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്ന സഞ്ജു സാംസൺ, ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമാവും. പകരം സായ് സുദർശൻ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആയിരുന്നു ടി20 ലോകകപ്പ് 2024 നടന്നത്. ബാര്‍ബഡോസിലായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഫൈനല്‍ മത്സരം അരങ്ങേറിയത്. ബെറിൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ബാർബഡോസിൽ നിന്നുമുള്ള ഇന്ത്യന്‍ ടീമിന്‍റെ യാത്ര വൈകിയതിനെ തുടര്‍ന്നാണ് സിംബാബ്‌വെ സ്‌ക്വാഡില്‍ ബിസിസിഐ മാറ്റം വരുത്തിയത്.
അവസാന മൂന്ന് മത്സരങ്ങളിൽ സഞ്ജു ഉൾപ്പെടെയുള്ള മൂന്ന് പേര്‍ക്കും ടീമിനൊപ്പം ചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിസിസിഐ പ്രസ്‌താവനയിൽ അറിയിച്ചു. യുവതാരം ശുഭ്‌മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ടീമിനെയാണ് സെലക്‌ടര്‍മാര്‍ സിംബാബ്‌വെ പര്യടനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.