ധര്‍മ്മശാല:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). നിലവില്‍ പുരോഗമിയ്‌ക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റണ്‍വേട്ടയ്‌ക്കൊപ്പം റെക്കോഡ് വേട്ടയും നടത്തുകയാണ് താരം. ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്‍റെ (India vs England 5th Test) ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യാനെത്തിയ ജയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സ് നേടിയാണ് മടങ്ങിയത്.
ഈ പ്രകടനത്തോടെ അന്താരഷ്‌ട്ര ക്രിക്കറ്റില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി 700 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനും ജയ്‌സ്വാളിന് സാധിച്ചു (Yashasvi Jaiswal Become The 2nd Indian Batter To Score 700 Runs In a Test Series). ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തില്‍ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയിട്ടുള്ളത്. കരിയറില്‍ രണ്ട് തവണയാണ് ഇതിഹാസ താരമായ ഗവാസ്‌കര്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
1971-72, 1978-79 വര്‍ഷങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സുനില്‍ ഗവാസ്‌കര്‍ ചരിത്ര നേട്ടം കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു രണ്ട് പ്രാവശ്യവും ഗവാസ്‌കര്‍ 700ല്‍ അധികം റൺസ് ഒരു പരമ്പരയില്‍ നേടിയത്. ആദ്യത്തെ തവണ 774 റണ്‍സും രണ്ടാം പ്രാവശ്യം 732 റൺസുമാണ് ഗവാസ്‌കര്‍ കരീബിയൻ പടയ്‌ക്കെതിരെ അടിച്ചുകൂട്ടിയത്.