മുംബൈ :ബെൻ ഡക്കറ്റിന്‍റെ (Ben Duckett) ബാസ്ബോള്‍ പരാമര്‍ശത്തെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). അടുത്തിടെ അവസാനിച്ച ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ ഡക്കറ്റിന്‍റെ പരാമര്‍ശം.
മത്സരത്തില്‍ ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഇതിന് പിന്നാലെ ജയ്സ്വാള്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ബാസ്‌ബോള്‍ ശൈലിയില്‍ റണ്‍സ് കണ്ടെത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. മറ്റ് ടീമുകളും ബാസ്ബോള്‍ ശൈലി പിന്തുടരുന്നതിന്‍റെ ക്രെഡിറ്റ് ഇംഗ്ലണ്ടിന് അര്‍ഹതപ്പെട്ടതാണെന്നുമായിരുന്നു ഡക്കറ്റ് അഭിപ്രായപ്പെട്ടത്.
ഡക്കറ്റിന്‍റെ ഈ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. മുൻ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈൻ ഉള്‍പ്പടെയുള്ള പ്രമുഖരും ഇംഗ്ലീഷ് ഓപ്പണര്‍ക്കെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ കാര്യത്തില്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.
'ഡക്കറ്റിന്‍റെ പരാമര്‍ശത്തെ കുറിച്ച് സംസാരിക്കാൻ എനിക്ക് താത്‌പര്യമില്ല. ഗ്രൗണ്ടില്‍ എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യാനാണ് പലപ്പോഴും എന്‍റെ ശ്രമം. എനിക്ക് പറയാനുള്ള കാര്യങ്ങളും അതിലൂടെയാണ് ഞാൻ നല്‍കുന്നത്'- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ജയ്‌സ്വാളിന്‍റെ പ്രതികരണം.