ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര (India vs England Test) നേട്ടത്തില്‍ ആരാധകരുടെ കയ്യടി വാങ്ങുന്ന താരമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). ഇന്ത്യയ്‌ക്കായി പരമ്പരയില്‍ റെക്കോഡ് റണ്‍വേട്ടയാണ് 23-കാരന്‍ നടത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 89 ശരാശരിയിലും 80 സ്‌ട്രൈക്ക് റേറ്റിലും 712 റൺസാണ് ഇടങ്കയ്യന്‍ ബാറ്റര്‍ അടിച്ച് കൂട്ടിയത്. തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും യശസ്വിയുടെ അക്കൗണ്ടിലാക്കിയായിരുന്നു യശസ്വിയുടെ പ്രകടനം.
ഇതോടെ പരമ്പരയിലെ താരമായും 23-കാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ തന്‍റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് യശസ്വി ജയ്‌സ്വാള്‍. വിക്കറ്റ് നഷ്‌ടമാവുന്നതിനെക്കുറിച്ച് താന്‍ ആശങ്കപ്പെട്ടിരുന്നില്ലെന്നാണ് താരം പറയുന്നത്. ആക്രമിച്ച് കളിക്കാന്‍ കളിയുന്ന സാഹചര്യത്തില്‍ അതു ചെയ്യാന്‍ തന്നെയായിരുന്നു തീരുമാനമെന്നും യശസ്വി വ്യക്തമാക്കി.
ഈ പരമ്പര താന്‍ ശരിക്കും ആസ്വദിച്ചതായും 23-കാരന്‍ കൂട്ടിച്ചേര്‍ത്തു. ഓരോ മത്സരത്തിന്‍റെ സമയത്തും അതില്‍ മാത്രമായിരുന്നു ശ്രദ്ധ. ടീമിന്‍റെ വിജയത്തിന് എനിക്ക് എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്നായിരുന്നു എപ്പോഴും ചിന്തിച്ചിരുന്നതെന്നും താരം പറഞ്ഞു നിര്‍ത്തി. ഇന്ത്യയ്‌ക്കായി ഒരു ടെസ്റ്റ് പരമ്പരയില്‍ 700-ല്‍ അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal Become The 2nd Indian Batter To Score 700 Runs In a Test Series).