മാഡ്രിഡ്: സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരായ തോല്‍വിക്ക് പിന്നാലെ ലാ ലിഗയ്‌ക്ക് എതിരെ തുറന്നടിച്ച് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. റയലിന്‍റെ തട്ടകമായ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. മത്സരത്തില്‍ രണ്ട് തവണ ലീഡെടുത്ത ബാഴ്‌സയ്ക്ക് ലാ ലിഗയില്‍ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യ ഇല്ലാത്തതാണ് സമനില നഷ്‌ടമാക്കിയത്.
യൂറോപ്പിലെ വമ്പന്‍ ലീഗുകളിലൊന്നായ ലാ ലിഗയില്‍ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യ ഇല്ലാത്തത് നാണക്കേടാണെന്നാണ് സാവി പ്രതികരിച്ചിരിക്കുന്നത്. ലാ ലിഗ ലോകത്തെ മികച്ച ലീഗാവണമെങ്കില്‍ ഗോള്‍ ലൈൻ സാങ്കേതികവിദ്യ പോലുള്ള സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന്‍റെ 28-ാം മിനിട്ടിലാണ് ബാഴ്‌സയ്‌ക്ക് അര്‍ഹിച്ച ഗോള്‍ നിഷേധിക്കപ്പെട്ടത്.
റഫീഞ്ഞ്യയുടെ ക്രോസില്‍ ലാമിന്‍ യമാല്‍ ഫ്‌ളിക് ചെയ്ത പന്ത് റയല്‍ ഗോള്‍ കീപ്പര്‍ ആൻഡ്രി ലുണിന്‍ തട്ടി അകറ്റും മുമ്പ് ഗോള്‍ വര കടന്നിരുന്നു. എന്നാല്‍ വാര്‍ പരിശോധിച്ച ശേഷം പന്ത് ഗോള്‍വര കടന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന ക്യാമറ ആംഗില്‍ ലഭ്യമല്ലെന്ന കാരണത്താല്‍ റഫറി ഗോള്‍ നിഷേധിച്ചു.
"എല്ലാവരും അതു കണ്ടിട്ടുണ്ട്. അവർക്ക് ഗോള്‍ അനുവദിക്കാമായിരുന്നു. അതിന്‍റെ വ്യക്തമായ ചിത്രങ്ങളുണ്ട്. എനിക്ക് മത്സരത്തിന്‍റെ വിശകലനം നടത്താന്‍ മാത്രമേ കഴിയൂ. ഞങ്ങൾ റയല്‍ മാഡ്രിഡിനേക്കാൾ മികച്ചവരായിരുന്നു. തീര്‍ച്ചയായും ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു" മത്സരത്തിന് ശേഷം സാവി ഹെര്‍ണാണ്ടസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.