ഹൈദരാബാദ്:ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ഇന്ത്യയുടെ വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ വൃദ്ധിമാൻ സാഹ. നിലവിലെ രഞ്ജി ട്രോഫി സീസണിൽ ബംഗാളിനെ പ്രതിനിധീകരിക്കുകയാണ് താരം. പ്രഫഷണൽ ക്രിക്കറ്റിലെ തന്‍റെ അവസാന ക്യാമ്പയിനായിരിക്കും ഇത്തവണത്തെ രഞ്ജി ട്രോഫിയെന്ന് താരം പറഞ്ഞു.
'ഈ സീസണ്‍ എന്‍റെ അവസാന സീസണായിരിക്കും. അവസാന തവണ ബംഗാളിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. നമുക്ക് ഈ സീസണ്‍ ഓര്‍മയില്‍ സൂക്ഷിക്കാം, ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായ എല്ലാവർക്കും നന്ദി, സാഹ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 2021ൽ ന്യൂസിലൻഡിനെതിരെയാണ് താരം ഇന്ത്യക്കായി അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2010ലാണ് വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റിലായിരുന്നു കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയത്. 40 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതില്‍ 56 ഇന്നിങ്സുകളിൽ നിന്ന് 29.41 ശരാശരിയിൽ 3 സെഞ്ചുറികളും 6 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ ആകെ 1353 റൺസ് താരം നേടി.
അന്താരാഷ്ട്ര ടെസ്റ്റുകളിൽ 92 ക്യാച്ചുകളും 12 സ്റ്റംപ് ഔട്ടുകളും സാഹയുടെ പേരിലുണ്ട്. 9 ഏകദിന മത്സരങ്ങളിലും സാഹ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കീപ്പർമാരിൽ ധോണിക്കും പന്തിനും (ജോയിന്‍റ്ഫസ്റ്റ്) പിന്നിൽ രണ്ടാം സ്ഥാനത്താണ് സാഹ.
ഐപിഎല്ലിൽ പക്ഷെ 170 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഈ വർഷത്തെ മെഗാ ലേലത്തിന് മുന്നോടിയായി ഗുജറാത്ത് താരത്തെ നിലനിർത്തിയിരുന്നില്ല. അദ്ദേഹം സ്വയം രജിസ്റ്റർ ചെയ്യാനും ഇടയില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഏറ്റവും ഒടുവിൽ ഗുജറാത്ത് ടൈറ്റൻസ് എന്നിവയെ ഇതുവരേ പ്രതിനിധീകരിച്ചു.
2014 ലെ ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിനായി (അന്നത്തെ കിങ്സ് ഇലവൻ പഞ്ചാബ്) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) കളിക്കുമ്പോൾ സാഹ സെഞ്ച്വറി നേടിയിരുന്നു.