പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം ഇന്ന് (ഫെബ്രുവരി 3) അപേക്ഷ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുക. നാളെയും മറ്റന്നാളുമായി ചെന്താമരയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസ് തീരുമാനം.
കൊലപാതകമുണ്ടായ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചെന്താമരയെ നാട്ടുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൊലപാതകമുണ്ടായ സ്ഥലം, ആയുധം വാങ്ങിയ വ്യാപാര സ്ഥാപനം എന്നിവിടങ്ങളിലാവും തെളിവെടുപ്പ് നടത്തുക. പകൽ വെളിച്ചത്തിൽ തെളിവെടുപ്പ് നടത്തണമെന്നാണ് നിയമം. വീഡിയോ റെക്കോഡ് ചെയ്യണം. വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും. സുരക്ഷ മുന്‍നിര്‍ത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ ചെന്താമരയുള്ളത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചെന്താമര അഞ്ചിലധികം പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറഞ്ഞത്. ഇയാളുടെ ഭാര്യ, മകൾ, മരുമകൻ, അയൽവാസികൾ എന്നിവർ ഇതിലുൾപ്പെടും. ആസൂത്രണബുദ്ധിയോടെയാണ് ഓരോ പ്രവർത്തനവും ചെന്താമര നടത്തിവന്നത്.
അതേസമയം വൈരുധ്യമുള്ള മൊഴികളാണ് ചെന്താമര നൽകുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആലത്തൂർ സബ് ജയിലിലാണ് ചെന്താമരയെ ആദ്യം റിമാൻഡ് ചെയ്തിരുന്നത്. എന്നാൽ സബ് ജയിലിലെ സഹ തടവുകാർ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തിയതോടെ പ്രതിയെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.
Also Read: 'ചെന്താമര സ്വയം കരുതുന്നത് താന്‍ കടുവയെപ്പോലെന്ന്'; പ്രതിക്ക് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്