ബെംഗളൂരു:വനിതാ പ്രിമീയർ ലീഗിന്‍റെ പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ മുംബൈ താരം സിമ്രാൻ ഷെയ്ഖ്, ഇന്ത്യയുടെ അണ്ടർ 19 വിക്കറ്റ് കീപ്പർ ബാറ്റര്‍ ജി കമാലിനി, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ എന്നിവര്‍ വിലയേറിയ താരങ്ങളായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബെംഗളൂരുവിൽ നടന്ന ലേലത്തില്‍ 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന സിമ്രാൻ ഷെയ്ഖിനെ 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്‍റ്‌സാണ് സ്വന്തമാക്കിയത്. പ്രഥമ സീസണിൽ 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്‌സ് സ്വന്തമാക്കിയ താരം ഒൻപതു മത്സരങ്ങളും കളിച്ചിരുന്നു.
സീനിയർ വനിതാ ടി20 ട്രോഫി നേടിയ മുംബൈ ടീമിലും ചലഞ്ചർ ട്രോഫി നേടിയ ഇന്ത്യ ഇ ടീമിലും സിമ്രാൻ അംഗമായിരുന്നു. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മൂന്ന് താരങ്ങളിൽ ഒരാളായ ദിയാന്ദ്രയെ 1.7 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്‍റ്‌സ് വാങ്ങി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ, യുപിയുമായി നടത്തിയ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
തമിഴ്‌നാട് സ്വദേശിയായ പതിനാറുകാരിയായ ജി.കമാലിനിയാണ് താരലേലത്തിൽ വൻ നേട്ടം കൊയ്ത മറ്റൊരു താരം. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന കമാലിനിയെ 1.60 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. അണ്ടർ 19 ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ ഒമ്പത് വിക്കറ്റ് ജയത്തിൽ പുറത്താകാതെ 44 റൺസ് നേടിയ താരമാണ് കമാലിനി.
കൂടാതെ അണ്ടർ 19 ടി20 ട്രോഫിയിൽ തമിഴ്‌നാടിന് കിരീടം നേടിക്കൊടുക്കുന്നതിൽ താരത്തിന്‍റെ പ്രകടനം നിർണായകമായിരുന്നു. ആഭ്യന്തര ടൂർണമെന്‍റുകളില്‍ മിന്നുന്ന പ്രകടനമാണ് കമാലിനി നടത്തിയത്. താരം യാസ്‌തിക ഭാട്ടിയയ്ക്ക് ശേഷം എംഐയുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ-ബാറ്റര്‍ ഓപ്ഷനായിരിക്കും.
10 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി കോടിപതിയായ മറ്റൊരു താരം പ്രേമ റാവത്താണ്. താരത്തിനെ 1.2 കോടി രൂപയ്ക്ക് ബെംഗളൂരു സ്വന്തമാക്കി. ലെഗ് സ്പിൻ പന്തെറിയുന്ന പ്രേമ ഉത്തരാഖണ്ഡ് പ്രീമിയർ ലീഗ് (യുപിഎൽ) തങ്ങളുടെ ആദ്യ കിരീടം മുസ്സൂറി തണ്ടേഴ്‌സിനെ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
അഞ്ച് ടീമുകളിലുമായി ആകെയുണ്ടായിരുന്ന 18 ഒഴിവുകളിലേക്ക് 124 താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. 15 കോടി രൂപയാണ് 18 താരങ്ങളെ സ്വന്തമാക്കുന്നതിനായി അഞ്ച് ടീമുകളുടെയും പഴ്സുകളിലായി ആകെയുണ്ടായിരുന്നത്.
Also Read:പാകിസ്ഥാനില്‍ ഹാട്രിക് വിരമിക്കൽ; മുഹമ്മദ് ഇർഫാനും ക്രിക്കറ്റിനോട് വിട പറഞ്ഞു - MOHAMMAD IRFAN