ന്യൂഡൽഹി: തബല വിദ്വാൻ സാക്കിർ ഹുസൈനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചയായി അദ്ദേഹം സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലാണ്. സുഹൃത്തും ഫ്ലൂട്ടിസ്റ്റുമായ രാകേഷ് ചൗരസ്യയാണ് ഇക്കാര്യം അറിയിച്ചത്. സാക്കിര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് സാക്കിറിന്‍റെ ഭാര്യാ സഹോദരന്‍ ഔലിയ സാഹബ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'അദ്ദേഹത്തിന് സുഖമില്ല, ഇപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്‍റെ അവസ്ഥയില്‍ ആശങ്കാകുലരാണ്.'- ചൗരസ്യ പിടിഐയോട് പറഞ്ഞു.
സക്കിര്‍ ഹുസൈന് രക്തസമ്മർദ്ദ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് സാക്കിര്‍ ഹുസൈന്‍റെ മാനേജർ നിർമല ബചാനി കൂട്ടിച്ചേർത്തു. ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകൾ സമ്മാനിച്ച വ്യക്തിയാണ് ഉസ്‌താദ് സാക്കിർ ഹുസൈൻ. അദ്ദേഹത്തിന്‍റെ പിതാവ് അല്ലാഹ് റഖയും പ്രശസ്‌ത തബല വിദ്വാനായിരുന്നു. 1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്.
ആറ് പതിറ്റാണ്ട് നീണ്ട തന്‍റെ കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകളാണ് സാക്കിര്‍ ഹുസൈന് ലഭിച്ചത്. ഈ വർഷം ആദ്യം നടന്ന 66-ാമത് ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. നിരവധി ഇന്ത്യൻ, അന്തര്‍ദേശീയ കലാകാരന്മാർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.