ന്യൂഡൽഹി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റ്റ് മുഖ്യ പരിശീലകനായ ജേസൺ ഗില്ലസ്‌പി പുറത്താകുമെന്ന അഭ്യൂഹങ്ങൾ തള്ളി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഗില്ലസ്‌പി ടീമിന്‍റെ പരിശീലകനായി തുടരുമെന്ന് അറിയിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി മുൻ ഫാസ്റ്റ് ബൗളറും പിസിബി സെലക്ഷൻ കമ്മിറ്റി അംഗവുമായ ആഖിബ് ജാവേദിനെ നിയമിക്കുമെന്ന് ഞായറാഴ്ച നിരവധി മാധ്യമ റിപ്പോർട്ടുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പിസിബിയുടെ പ്രസ്താവന.
എന്നാല്‍ പുറത്തുവന്ന വാര്‍ത്തയെ നിഷേധിച്ച് പിസിബി സമൂഹമാധ്യമങ്ങളില്‍ പ്രസ്‌താവനയുമായി രംഗത്തെത്തുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ചതുപോലെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് റെഡ് ബോൾ മത്സരങ്ങളിൽ പാകിസ്ഥാൻ ടീമിന്‍റെ പരിശീലകനായി ജേസൺ ഗില്ലസ്‌പി തുടരുമെന്ന് പിസിബി കുറിച്ചു.
ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് ഗാരി കിർസ്റ്റൺ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷമാണ് ഗില്ലസ്‌പിയെ പിസിബി കോച്ചാക്കിയത്. വിവിധ വിഷയങ്ങളിലെ പിസിബിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഈ മാസമാദ്യം കിർസ്റ്റനിന്‍റെ രാജിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ പാകിസ്ഥാനിൽ തുടരാൻ കിർസ്റ്റന്‍ തയ്യാറായിരുന്നില്ല.