മുംബൈ:വനിത പ്രീമിയർ ലീഗിന്‍റെ (Women's Premier League) പുതിയ സീസണിലെ ഉദ്‌ഘാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians). ഡല്‍ഹി ക്യാപില്‍സിന്‍റെ (Delhi Capitals ) വിജയ മോഹങ്ങള്‍ തല്ലിക്കെടുത്തിയത് മലയാളി താരം സജന സജീവനാണ് (Sajana Sajeevan). പ്രീമിയർ ലീഗില്‍ തന്‍റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങുന്ന സജന ക്രീസിലേക്ക് എത്തുമ്പോള്‍ മുംബൈയുടെ വിജയലക്ഷ്യം ഒരു പന്തില്‍ അഞ്ച് റണ്‍സ്.
ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അലീസ് ക്യാപ്സിയായിരുന്നു പന്തെറിഞ്ഞത്. സ്റ്റെപ് ഔട്ട് ചെയ്ത സജന താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് തൂക്കി. ഇതോടെ മുംബൈയുടെ സൂപ്പര്‍ വുമണായി 29-കാരി മാറുകയും ചെയ്‌തു. ഉദ്‌ഘാനട പതിപ്പില്‍ അണ്‍സോള്‍ഡ് ആയി മാറിയ താരമാണ് വയനാട്ടുകാരിയായ സജന. എന്നാല്‍, ഈ സീസണിന് മുന്നോടിയായി 15 ലക്ഷം രൂപയ്‌ക്കാണ് സജനയെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്.
മിന്നു മണിക്ക് ശേഷം വനിത പ്രീമിയര്‍ ലീഗിന്‍റെ ഭാഗമാവുന്ന കുറിച്ച്യ ഗോത്രത്തിൽ നിന്നുള്ള രണ്ടാമത്തെ താരമാണ് സജന. ഓട്ടോ ഡ്രൈവറായ സജീവന്‍റെ മകളായ സജന നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ക്രിക്കറ്റ് ലോകത്തേക്ക് ചുവടുറപ്പിച്ചിരിക്കുന്നത്. മാനന്തവാടി ഗവ വിഎച്ച്‌എസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് സജന ക്രിക്കറ്റില്‍ സജീവമാകുന്നത്.