വിശാഖപട്ടണം :ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നൂറുമേനി ജയം നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് അംഗ്‌കൃഷ് രഘുവൻഷി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ കൊല്‍ക്കത്തയ്‌ക്കായി മൂന്നാമനായി ക്രീസിലെത്തി, 27 പന്തില്‍ 54 റണ്‍സ് അടിച്ചെടുത്താണ് 18കാരൻ പയ്യൻ മടങ്ങിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സറുകളും യുവതാരത്തിന്‍റെ ബാറ്റില്‍ നിന്നും വിശാഖപട്ടണത്തെ ഗാലറികളിലേക്ക് പറന്നു.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകൻ ശ്രേയസ് അയ്യരുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു കൊല്‍ക്കത്തൻ ഓപ്പണര്‍മാരുടെ ബാറ്റിങ്. സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. 4.3 ഓവറില്‍ ഒന്നാം വിക്കറ്റില്‍ 60 റണ്‍സ്.
ഫില്‍ സാള്‍ട്ട് 18 റണ്‍സുമായി പുറത്തായതോടെയാണ് മൂന്നാം നമ്പറില്‍ അംഗ്‌കൃഷ് രഘുവൻഷി ക്രീസിലേക്ക് എത്തുന്നത്. വെങ്കിടേഷ് അയ്യരെ മാറ്റിയുള്ള കൊല്‍ക്കത്തയുടെ ചെറിയ വലിയൊരു പരീക്ഷണമായിരുന്നു അത്. ഒരു വശത്ത് സുനില്‍ നരെയ്‌ൻ കത്തിക്കയറിയപ്പോള്‍ മറുവശത്ത് രഘുവൻഷിയും കസറി. 104 റണ്‍സാണ് സുനില്‍ നരെയ്‌ൻ രഘുവൻഷി സഖ്യം മത്സരത്തില്‍ രണ്ടാം വിക്കറ്റില്‍ കൊല്‍ക്കത്തയ്‌ക്കായി കൂട്ടിച്ചേര്‍ത്തത്.
നരെയ്‌ൻ പുറത്തായതിന് പിന്നാലെ അടുത്ത ഓവറില്‍ തന്നെ രഘുവൻഷിയുടെ വിക്കറ്റും കൊല്‍ക്കത്തയ്‌ക്ക് നഷ്‌ടപെട്ടു. വിശാഖപട്ടണത്തെ വെടിക്കെട്ടിന് ഐപിഎല്ലില്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് താരം മടങ്ങിയത്.
ആരാണ് അംഗ്‌കൃഷ് രഘുവൻഷി...:2022ല്‍ യാഷ് ദൂളിന് കീഴില്‍ ഇന്ത്യയുടെ കൗമാരപ്പട അണ്ടര്‍ 19 കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമിലെ പ്രധാനികളില്‍ ഒരാളായിരുന്നു അംഗ്‌കൃഷ് രഘുവൻഷി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യൻ ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ താരം 278 റണ്‍സായിരുന്നു അന്ന് അടിച്ചെടുത്തത്. 11-ാം വയസില്‍ ക്രിക്കറ്റിനായി ഗുഡ്‌ഗാവില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയ രഘുവൻഷി കഴിഞ്ഞ വര്‍ഷം മുംബൈയ്‌ക്കായി ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് പിന്നാലെ സികെ നായ്‌ഡു ട്രോഫിയില്‍ 9 മത്സരങ്ങളില്‍ നിന്നും 765 റണ്‍സും താരം അടിച്ചെടുത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ അംഗമായിട്ടുള്ള മുൻ പരിശീലകന്‍ അഭിഷേക് നായറിലൂടെയാണ് രഘുവൻഷി കെകെആറിലേക്ക് എത്തുന്നത്. കഴിഞ്ഞ താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനായിരുന്നു ഈ കൗമാര താരത്തെ കൊല്‍ക്കത്ത കൂടാരത്തില്‍ എത്തിച്ചത്.
Also Read :ആളറിഞ്ഞ് കളിക്കട...! റസലിനെ വീഴ്‌ത്തി ഇഷാന്ത് ശര്‍മയുടെ 'തീപ്പൊരി' യോര്‍ക്കര്‍ - Ishant Sharma Yorker