ഹൈദരാബാദ്:റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനായി നിയമിക്കുന്ന കാര്യം ചർച്ച ചെയ്‌തതായി റിപ്പോര്‍ട്ട്. 17 വർഷമായി ഐപിഎൽ പരമ്പരയിൽ കളിക്കുന്ന ബെംഗളൂരു ടീമിന് ഒരിക്കൽ പോലും ചാമ്പ്യൻഷിപ്പ് നേടാനായിട്ടില്ല. കഴിഞ്ഞ സീസണിലെ ആദ്യ പകുതിയിൽ മോശം പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ അവർ മികച്ച പ്രകടനം നടത്തി പ്ലേ ഓഫിലെത്തി. ആൻഡി ഫ്‌ളവറിനെ പരിശീലകനായി നിയമിച്ചതോടെ ഇത്തവണത്തെ ബെംഗളൂരുവിന്‍റെ സമീപനം എന്തായിരിക്കുമെന്ന പ്രതീക്ഷകൾ ഏറെയാണ്.
18 കോടി രൂപയ്ക്ക് സ്റ്റാർ താരം വിരാട് കോലിയെ നിലനിർത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. അതുപോലെ ടീം ക്യാപ്റ്റനായ ഡു പ്ലെസിസിന് 40 വയസ്സ് തികഞ്ഞതിനാൽ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള തീരുമാനത്തിലാണ് ടീം മാനേജ്മെന്‍റ്. എന്നാൽ പുതിയ ക്യാപ്റ്റനെ കൊണ്ടുവരുന്നതിന് പകരം കോലിയെ ആ റോളിലേക്ക് നിയമിക്കാനാണ് മാനേജ്‌മെന്‍റ് ആലോചിക്കുന്നതെന്നാണ് സൂചന.
2013 മുതൽ 2021 വരെ വിരാട് കോലി ക്യാപ്റ്റനായ ബെംഗളൂരു ടീം 140 മത്സരങ്ങളിൽ 66 മത്സരങ്ങൾ വിജയിക്കുകയും 70 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിട്ടുണ്ട്. 2016ൽ താരത്തിന് കീഴിൽ ആർസിബി ഫൈനലിൽ കടന്നെങ്കിലും കലാശപ്പോരിൽ ഹൈദരാബാദിനോടു തോറ്റു. കഴിഞ്ഞ സീസണിൽ ഡു പ്ലെസിസിന് പനി ബാധിച്ചപ്പോള്‍ കോലി 2 മത്സരങ്ങളിൽ ക്യാപ്റ്റനായി തിരിച്ചെത്തിയിരുന്നു. ആ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്.