മുംബൈ:ഐപിഎല്ലിന് പിന്നാലെ ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ചീഫ് സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ അജിത് അഗാര്‍ക്കര്‍ ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്, നായകൻ രോഹിത് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഈ മാസം 30ന് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഓപ്പണറായി വിരാട് കോലി മികച്ച പ്രകടനം നടത്തുന്നു എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടതുല്‍ റണ്‍സ് നേടിയ് താരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്താണ് കോലി. ഏഴ് മത്സരങ്ങളില്‍ നിന്നും 361 റണ്‍സാണ് കോലി ഇതുവരെ അടിച്ചെടുത്തിട്ടുള്ളത്.
നേരത്തെ, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ സ്ഥാനത്തെ ചൊല്ലി വലിയ ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടന്നത്. താരത്തിന്‍റെ ബാറ്റിങ്ങ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ല എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ലോകകപ്പ് ടീമില്‍ കോലിയെ ഉള്‍പ്പെടുത്തരുതെന്ന വാദങ്ങളും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ടി20 ലോകകപ്പില്‍ തന്‍റെ റോളിനെ കുറിച്ച് വിരാട് കോലി തന്നെ ബിസിസിഐയോട് വ്യക്തത തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ താരത്തെ ഓപ്പണറായിട്ടാണ് ബിസിസിഐ പരിഗണിക്കുന്നതെന്ന വിവരം പുറത്തുവന്നത്. ഐപിഎല്ലില്‍ യശസ്വി ജയ്‌സ്വാളിന്‍റെ മോശം ഫോമും കോലിയെ ഓപ്പണറാക്കുന്നതില്‍ തീരുമാനമെടുക്കാൻ ബിസിസിഐ ഉന്നതരെ സഹായിച്ചതായാണ് വിവരം.