ചെന്നൈ: തമിഴ്‌നാട്ടില്‍ 704.89 കോടി രൂപയുടെ പൂർത്തീകരിച്ച 602 പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. 384.41 കോടി രൂപയുടെ 178 പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും 44,689 ഗുണഭോക്താക്കൾക്ക് 386 കോടി രൂപയുടെ ക്ഷേമ സഹായങ്ങളും അദ്ദേഹം നൽകി. കടലൂർ ജില്ലയിലെ മഞ്ഞക്കുപ്പം മൈതാനത്ത് നടന്ന സംസ്ഥാന സർക്കാരിന്‍റെ പരിപാടിയിലാണ് കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തത്.
തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലേക്ക് പോകുന്ന ഭക്തർക്ക് പ്രയോജനപ്പെടുന്നതിനായി എം. പുത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള റോഡ് 7 കോടി രൂപ ചെലവിൽ നവീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടലൂരിലെ വീരണം, വെല്ലിങ്‌ടൺ തടാകങ്ങളിൽ 193.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ, കടലൂർ കോർപ്പറേഷനു വേണ്ടി 38 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ,
മുത്ലൂരിനും സേതിയതോപ്പിനും ഇടയിലുള്ള റോഡുകളുടെ വീതി കൂട്ടൽ 50 കോടി രൂപയുടെ വികസനം, തേൻപെണ്ണൈ നദിയിലെ വെള്ളപ്പൊക്ക പ്രതിരോധ നടപടികൾ, പൻരുത്തിയിൽ പുതിയ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നിവ ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ക്കാണ് സ്റ്റാലിൻ തറക്കില്ലിട്ടത്.
ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി, കലൈഞ്ജർ കനവ് ഇല്ലം പദ്ധതിയുടെ കീഴിൽ 500 ഗുണഭോക്താക്കൾക്ക് വീടുകൾ ലഭിച്ചു. ആദിവാസി ഭവന പദ്ധതി പ്രകാരം 225 ഗുണഭോക്താക്കൾക്കും, നവീകരിച്ച ഗ്രാമീണ ഭവന പദ്ധതി പ്രകാരം 4,300 ഗുണഭോക്താക്കൾക്ക് വീടുകൾ ലഭിച്ചു. ആകെ, 5,025 ഗുണഭോക്താക്കൾക്കായി 55.23 കോടി രൂപയുടെ ക്ഷേമ ആനുകൂല്യങ്ങൾ വിതരണം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിൻ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയത്തിന് അതീതമായി ഉയരണമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കവെയാണ് സ്റ്റാലിൻ വിമര്‍ശിച്ചത്.
'താനും ഡിഎംകെയും നിലനിൽക്കുന്നിടത്തോളം കാലം തമിഴ് ഭാഷയ്‌ക്ക് ഒന്നും സംഭവിക്കില്ല'
തേനീച്ചക്കൂടിന് നേരെ കല്ലെറിയരുതെന്ന് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയ സ്റ്റാലിൻ, താനും ഡിഎംകെയും നിലനിൽക്കുന്നിടത്തോളം കാലം തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും എതിരായ ഒരു പ്രവർത്തനവും ഈ മണ്ണിൽ അനുവദിക്കില്ലെന്ന് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന് 2,152 കോടി രൂപയുടെ ഫണ്ട് അനുവദിക്കണമെന്ന തമിഴ്‌നാടിന്‍റെ അപേക്ഷയ്ക്ക് വിദ്യാഭ്യാസത്തിൽ രാഷ്‌ട്രീയം കളിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതികരണത്തിലും സ്റ്റാലിൻ തിരിച്ചടിച്ചു.
"വിദ്യാഭ്യാസത്തിൽ ആരാണ് രാഷ്‌ട്രീയം കളിക്കുന്നത് - നിങ്ങളോ ഞങ്ങളോ? ത്രിഭാഷാ നയം അംഗീകരിച്ചാൽ മാത്രം ഫണ്ട് അനുവദിക്കുമെന്ന ഭീഷണി രാഷ്‌ട്രീയമല്ലേ? എൻഇപിയുടെ പേരിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് രാഷ്‌ട്രീയമല്ലേ? ബഹുഭാഷയും ബഹുസ്വരവുമായ ഒരു രാജ്യത്തെ ഏകഭാഷാ രാജ്യവും ഒരു രാഷ്‌ട്രാവുമാക്കി മാറ്റുന്നത് രാഷ്‌ട്രീയമല്ലേ? ഒരു പദ്ധതിക്ക് വേണ്ടിയുള്ള ഫണ്ട് മാറ്റുന്നത് മറ്റൊരു പദ്ധതി നടപ്പിലാക്കുന്നതിനുള്ള 'വ്യവസ്ഥ'യാണോ, രാഷ്‌ട്രീയമല്ലേ?" എന്നും സ്റ്റാലിൻ ചോദിച്ചു.