ബെംഗളൂരു :കഴിഞ്ഞ കുറച്ചുകാലമായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരുന്നു ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ (Virat Kohli) സ്ഥാനം. കോലി ടി20 ഫോര്‍മാറ്റിന് യോജിച്ച ആളല്ലെന്നും അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് യുവതാരങ്ങളാണ് ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാനിറങ്ങേണ്ടതെന്നും പല വിദഗ്‌ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രണ്ട് മാസം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുപോലും കോലി വിട്ടുനിന്നത്.
ഇതോടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായി തന്നെ കോലിയ്‌ക്ക് നഷ്‌ടപ്പെട്ടു. രണ്ടാം കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന താരം ഐപിഎല്ലിന് മുന്‍പായിട്ടായിരുന്നു ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന്, ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കോലി കളത്തിലേക്ക് മടങ്ങിയെത്തി.
പ്രതീക്ഷിച്ച അത്ര ഗംഭീരമായിരുന്നില്ല കോലിയുടെ തിരിച്ചുവരവ്. ചെപ്പോക്കില്‍ 20 പന്തില്‍ 21 റണ്‍സ് അടിച്ചാണ് കോലി മടങ്ങിയത്. ഇതോടെ, കോലി ഫോം ഔട്ടിലാണോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആശങ്കകളെയെല്ലാം വിരാട് കോലി ചിന്നസ്വാമിയില്‍ അടിച്ചുപറത്തുന്ന കാഴ്‌ചയാണ് പിന്നീട് പഞ്ചാബിനെതിരായ മത്സരത്തില്‍ കാണാൻ സാധിച്ചത്.
49 പന്തില്‍ 77 റണ്‍സ് അടിച്ചായിരുന്നു പഞ്ചാബിനെതിരായ മത്സരത്തില്‍ കോലിയുടെ പുറത്താകല്‍ (Virat Kohli Score against PBKS vs RCB Match IPL 2024). 177 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിയ്‌ക്ക് (RCB) ഏറെ നിര്‍ണായകമായിരുന്നു കോലിയുടെ ഈ അര്‍ധസെഞ്ച്വറി പ്രകടനം. ഇതോടെ, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ടും അല്ലാതെയും മറുപടി പറയാൻ കോലിക്കായി.