ബാംഗ്ലൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) 17-ാം പതിപ്പില്‍ വെടിക്കെട്ടു നടത്താനുള്ള തയ്യറെടുപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ( Virat Kohli ). ലണ്ടനില്‍ നിന്നും അടുത്തിടെ മടങ്ങിയെത്തിയ 36-കാരന്‍ കഴിഞ്ഞ ദിവസമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാമ്പില്‍ ചേരുന്നത്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി മുതല്‍ ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു താരം.
പുതിയ സീസണില്‍ (IPL 2024) കോലിയുടെ ഫോമില്‍ വമ്പന്‍ പ്രതീക്ഷയാണ് ആര്‍സിബി വച്ച് പുലര്‍ത്തുന്നത്. ഇതിനിടെ താരത്തിന്‍റെ പുത്തന്‍ മേക്ക് ഓവര്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. ലണ്ടനില്‍ നിന്നും തിരികെ എത്തുമ്പോള്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരുന്നു കോലിയുണ്ടായിരുന്നത്.
നിലവിലെ മുള്ളറ്റ് ഹെയർസ്റ്റൈലിലുള്ള താരത്തിന്‍റെ പുതിയ ലുക്ക് കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആലിം ഹക്കീമാണ് കോലിയുടെ പുത്തന്‍ സ്റ്റൈലിഷ് ലുക്കിന് പിന്നില്‍. അതേസമയം ടി20 ലോകകപ്പില്‍ 36-കാരന് ഇടമില്ലെന്ന റിപ്പോര്‍ട്ടും ഇതിന് പിന്നാലെയുണ്ടായ പ്രതികരണവും വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഐപിഎല്ലിന് തൊട്ടുപിന്നാലെ ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിയ്‌ക്ക് യോജിച്ചതല്ലെന്ന വിലയിരുത്തലിലാണ് സെലക്‌ടര്‍മാര്‍ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ടി20 ലോകകപ്പില്‍ നിന്നും കോലിയെ ഒഴിവാക്കുന്നതിന് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായാണെന്ന് (Jay shah) ആരോപിച്ച് ഇന്ത്യയുടെ മുന്‍ താരം കീര്‍ത്തി ആസാദ് രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) കോലിയ്‌ക്ക് വേണ്ടി ശക്തമായി നിലകൊണ്ടുവെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലായിരുന്നു 1983-ല്‍ ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിത്തന്ന ടീമില്‍ അംഗമായിരുന്ന കീര്‍ത്തി ആസാദ് വെളിപ്പെടുത്തിയത്.
"ജയ് ഷാ എന്തിന് ഇടപെട്ടു ?. മറ്റ് സെലക്‌ടർമാരോട് സംസാരിക്കാനും, ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ വിരാട് കോലിക്ക് ഇടമില്ലെന്ന് ബോധ്യപ്പെടുത്താനും അജിത് അഗാര്‍ക്കറിനെ ചുമതലപ്പെടുത്താന്‍, ജയ് ഷാ ഒരു സെലക്‌ടറല്ല. മാര്‍ച്ച് 15 വരെ ആയിരുന്നു അതിനായി സമയം നല്‍കിയത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം, അജിത് അഗാര്‍ക്കറിന് തന്നെ അതു ബോധ്യപ്പെട്ടിട്ടില്ല. മറ്റ് സെലക്‌ടര്‍മാരെ അക്കാര്യം ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടുമില്ല. ഇക്കാര്യം ജയ് ഷാ രോഹിത്തിനോടും ചോദിച്ചിരുന്നു. എന്നാല്‍ രോഹിത് പറഞ്ഞത് എന്ത് വിലകൊടുത്തും കോലിയെ വേണമെന്നാണ്. കോലി ടി20 ലോകകപ്പ് കളിക്കും, ടീം തിരഞ്ഞെടുപ്പിന് മുമ്പ് അതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാവും. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിഡ്ഢികള്‍ ഇടപെടേണ്ടതില്ല"- കീര്‍ത്തി ആസാദ് തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
ALSO READ: രോഹിത്തിനും ഹാര്‍ദിക്കിനും ഇടയിലുള്ള ദൂരം കൂടുതല്‍ ; മുംബൈ ടീം വീഡിയോയെ കളിയാക്കി ആരാധകര്‍