'സ്‌പിന്നര്‍മാരെ കളിക്കാൻ അറിയില്ല, സ്ട്രൈക്ക് റേറ്റ് ആണെങ്കിലോ വളരെ മോശം, പവര്‍പ്ലേ കഴിഞ്ഞാല്‍ പിന്നെ തുഴച്ചിലും...' ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഓരോ മത്സരം കഴിഞ്ഞ് കയറുമ്പോഴും അവരുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ കുറിച്ച് ക്രിക്കറ്റ് പണ്ഡിതരും കളിയാസ്വാദകരും പറയുന്ന കാര്യങ്ങളാണിവ. ഒരുഭാഗത്ത് നിന്നും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും തനിക്കെതിരെ പേമാരിപോലെ പെയ്യുമ്പോള്‍ മറുവശത്ത് തന്‍റെ എംആര്‍എഫ് സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റുകൊണ്ട് വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കുകയാണ് വിരാട് കോലി. ആ മറുപടികളിലെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണം മാത്രമാണ് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ പ്രകടനം.
പ്ലേഓഫ് പ്രതീക്ഷ ചെറുതായിട്ടെങ്കിലും ആര്‍സിബിയ്‌ക്ക് നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെ തോല്‍പ്പിച്ചേ മതിയാകൂ എന്നാതായിരുന്നു സ്ഥിതി. ധരംശാലയില്‍ ടോസ് ഭാഗ്യം പഞ്ചാബിനെ തുണച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. വിരാട് കോലിയെന്ന വമ്പൻ മീനിനെ പിടികൂടാൻ വിദ്വത് കവേരപ്പ എന്ന അരങ്ങേറ്റക്കാരൻ ആദ്യ ഓവറില്‍ തന്നെ കെണിയൊരുക്കി. എന്നാല്‍, ഭാഗ്യം കൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ട കോലി ആദ്യം കളിയൊന്ന് കണ്ടു. പിന്നീട് ആളിക്കത്തി.
ഫാഫ് ഡുപ്ലെസിസും വില്‍ ജാക്‌സും പുറത്താകുമ്പോള്‍ 43 റണ്‍സ് മാത്രമായിരുന്നു ആര്‍സിബിയുടെ അക്കൗണ്ടില്‍. പിന്നാലെ എത്തിയ രജത് പടിദാര്‍ തകര്‍ത്തടിച്ചതോടെ കോലിയും താരത്തിന് പിന്തുണ നല്‍കി. പത്താം ഓവറില്‍ പടിദാര്‍ പുറത്തായി.
ഇതിനിടെ നേരിട്ട 32-ാം പന്തില്‍ അര്‍ധസെഞ്ച്വറി. പിന്നീട്, ഗിയര്‍ ചേഞ്ച് ചെയ്‌ത കോലി പഞ്ചാബ് ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം തന്നെ നേടിയെടുത്തു. പഞ്ചാബ് കിങ്‌സ് നായകൻ സാം കറനെ സ്ലോഗ് സ്വീപ്പിലൂടെ 94 മീറ്റര്‍ അപ്പുറത്തേക്ക് പറത്തിയ ആ ഷോട്ട്. ലിയാം ലിവിങ്‌സ്റ്റണിനെയും ഇത്തരത്തിലൊരു ഷോട്ടിലൂടെ ഗാലറിയിലേക്ക് പറത്താൻ കോലിക്കായി.