കേരളം

kerala

ETV Bharat / sports

വിശാഖപട്ടണത്ത് അരങ്ങേറ്റം ആര്‍ക്ക് ? ; ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍റെ മറുപടി ഇങ്ങനെ - India vs England 2nd Test

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം മത്സരം : വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ അരങ്ങേറ്റം കാത്ത് സര്‍ഫറാസ് ഖാനും രജത് പടിദാറും. ഇരുവരുടെയും സാധ്യതകളെ കുറിച്ച് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ്.

Sarfaraz Khan Rajat Patidar  Vikram Rathour  India vs England 2nd Test  വിക്രം റാത്തോഡ്
Vikram Rathour On Sarfaraz Khan and Rajat Patidar

By ETV Bharat Kerala Team

Published : Feb 1, 2024, 8:54 AM IST

വിശാഖപട്ടണം :സര്‍ഫറാസ് ഖാനോ രജത് പടിദാറോ?. ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലെയിങ് ഇലവനില്‍ ഇവരില്‍ ആര് ഇടം കണ്ടെത്തുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. സമീപ കാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരങ്ങളാണ് ഇരുവരും. നാളെ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം (India vs England 2nd Test) ആരംഭിക്കാനിരിക്കെ ഇരുവരുടെയും സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ് (Vikram Rathour).

'ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് സര്‍ഫറാസ് ഖാനും രജത് പടിദാറും. ഇരുവരും കഴിവുള്ള ബാറ്റര്‍മാരാണ്. ഈ രണ്ട് പേരില്‍ നിന്നും ഒരാളെ പ്ലെയിങ് ഇലവനിലേക്ക് തെരഞ്ഞെടുക്കുക എന്ന കാര്യം ഏറെ പ്രയാസമുള്ളതാണ്.

സര്‍ഫറാസ് ഖാന്‍, രജത് പടിദാര്‍ ഇവരില്‍ ആര് പ്ലെയിങ് ഇലവനില്‍ ഉണ്ടാകണം എന്ന് തീരുമാനിക്കുന്നത് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ്. ഇവിടെ, ഇരുവര്‍ക്കും മികച്ച സംഭാവന നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിശാഖപട്ടണത്തെ പിച്ചും സാഹചര്യങ്ങളും മനസിലാക്കിയ ശേഷമായിരിക്കും അന്തിമ ഇലവനെ തീരുമാനിക്കുക. പിച്ചിന്‍റെ സാഹചര്യം ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കുന്നതല്ല. പന്ത് നല്ലതുപോലെ തന്നെ ടേണ്‍ ചെയ്യാനുള്ള സാധ്യതകളാണ് ഉള്ളത്. ആദ്യ ദിവസം മുതല്‍ അല്ലെങ്കിലും അത് സംഭവിക്കാം'- വിക്രം റാത്തോഡ് അഭിപ്രായപ്പെട്ടു.

ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് (India vs England 2024). ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഈ മത്സരത്തിനിടെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേല്‍ക്കുന്ന സാഹചര്യവുമുണ്ടായി.

ഇതോടെയാണ്, ഇരുവരെയും രണ്ടാം മത്സരത്തില്‍ നിന്നും ഒഴിവാക്കിയത്. പിന്നാലെയായിരുന്നു സര്‍ഫറാസ് ഖാനെ (Sarfaraz Khan) ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. സര്‍ഫാസ് ഖാനൊപ്പം വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരും ടീമിലേക്ക് എത്തി. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വിരാട് കോലി പിന്മാറിയ സാഹചര്യത്തിലായിരുന്നു രജത് പടിദാര്‍ (Rajat Patidar) സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Also Read :ഇന്ത്യയെ ഇംഗ്ലണ്ട് വെള്ളപൂശും; പ്രവചനവുമായി മുന്‍ ഇംഗ്ലീഷ് താരം

ABOUT THE AUTHOR

...view details