ഐപിഎല്‍ മെഗാ താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ 13 വയസുകാരനും ഇടംപിടിച്ചു. ബിഹാര്‍ സ്വദേശിയായി വൈഭവ് സൂര്യവൻഷിയാണ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് കൗമാര താരം ലേലത്തിൽ ഇറങ്ങുക. വൈഭവ് ലേലത്തിന് തിരഞ്ഞെടുക്കപ്പെട്ടതിൽ ക്രിക്കറ്റ് പ്രേമികള്‍ അമ്പരന്നിരിക്കുകയാണ്. താരത്തെ ഏത് ഫ്രാഞ്ചൈസിക്ക് ലഭിച്ചാലും അത് ആവേശകരമായിരിക്കും.
2011ലാണ് വൈഭവ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ മകന്‍റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം മനസ്സിലാക്കിയ അച്ഛൻ സഞ്ജീവ് സൂര്യവൻഷി അവനുവേണ്ടി പ്രത്യേക ഗ്രൗണ്ട് ഉണ്ടാക്കിയിരുന്നു. സമസ്‌തിപൂരിലെ ക്രിക്കറ്റ് അക്കാദമിയിലെ രണ്ടുവര്‍ഷത്തെ പരിശീലനത്തിന് ശേഷം അണ്ടർ 16 ടീമിലെത്തി. അന്ന് വൈഭവിന് 10 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ബിഹാർ സംസ്ഥാനതല ടൂർണമെന്‍റുകളിലെല്ലാം വൈഭവ് ശ്രദ്ധേയനായി.
2024 ല്‍ 12-ാം വയസ്സില്‍ രഞ്ജി ട്രോഫിയില്‍ ബിഹാറിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വൈഭവ് അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയക്കെതിരെ നടന്ന അണ്ടര്‍ 19 ടെസ്റ്റ് പരമ്പരയില്‍ താരം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഈ മാസം 29 മുതല്‍ ഡിസംബര്‍ 8 വരെ യുഎഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും വൈഭവ് സൂര്യവൻഷി അംഗമാണ്.