കേരളം

kerala

ETV Bharat / sports

യുവേഫ നേഷൻസ് ലീഗ്; കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കി പോളിഷ് പട

ശനിയാഴ്‌ച സ്കോട്ട്‌ലൻഡിനെതിരെ 2-1 ന് വിജയിച്ച സ്ലാറ്റ്‌കോ ഡാലിക്കിന്‍റെ ക്രോയേഷ്യ വിജയമാവര്‍ത്തിക്കാന്‍ നോക്കിയെങ്കിലും പോളിഷ് പടയുടെ മുന്നില്‍ അടിപതറി.

By ETV Bharat Sports Team

Published : 4 hours ago

UEFA NATIONS LEAGUE  യുവേഫ നേഷൻസ് ലീഗ്  ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കി  CROATIA VS POLAND
croatia vs poland (AFP)

വാര്‍സോ: യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ പോളണ്ട് ശക്തരായ ക്രൊയേഷ്യയെ 3-3ന് സമനിലയിൽ തളച്ചു. ശനിയാഴ്‌ച ഗ്ലാസ്‌ഗോയിൽ സ്കോട്ട്‌ലൻഡിനെതിരെ 2-1 ന് വിജയിച്ച സ്ലാറ്റ്‌കോ ഡാലിക്കിന്‍റെ ക്രോയേഷ്യ വിജയമാവര്‍ത്തിക്കാന്‍ നോക്കിയെങ്കിലും പോളിഷ് പടയുടെ മുന്നില്‍ അടിപതറി. മത്സരം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ പോളണ്ട് തിളങ്ങുകയായിരുന്നു. പിയോറ്റർ സീലിൻസ്‌കിയായിരുന്നു പോളണ്ടിന്‍റെ ആദ്യ ഗോള്‍ നേടിയത്.

എന്നാല്‍ ക്രൊയേഷ്യ അതിവേഗമായിരുന്നു മറുപടി നൽകിയത്.19-ാം മിനിറ്റിൽ ബോർണ സോസയുടെ ഗോളിലൂടെ സമനില പിടിച്ചു. അക്രമണം ശക്തമാക്കിയ ക്രോയേഷ്യയുടെ മാർട്ടിൻ ബതുറിനയുടെ പാസില്‍ പീറ്റർ സുസിക് വീണ്ടും പോളണ്ടിന്‍റെ വലകുലുക്കി. മത്സരത്തില്‍ 2-1 ന് ക്രൊയേഷ്യ മുന്നിലെത്തി. കൃത്യം രണ്ട് മിനിറ്റിനുള്ളില്‍ 26 -ാം മിനിറ്റിൽ മാർട്ടിൻ ബതുറിന മൂന്നാം ഗോളും നേടി ടീമിനെ ജയപ്രതീക്ഷയിലെത്തിച്ചു. പോളണ്ടിന്‍റെ മാർസിൻ ബൾക്കയുടെ കാലുകൾക്കിടയിലൂടെ തകര്‍പ്പന്‍ ഷോട്ട് പായിച്ച് 3-1 എന്ന സ്‌കോറിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആദ്യപകുതിയോടടുത്ത് പോളണ്ട് കളിയുടെ ഗതിമാറ്റാന്‍ തുടങ്ങി. 45-ാം മിനിറ്റിൽ നിക്കോള സാലെവ്‌സ്‌കി ഇടതുകാലുകൊണ്ട് തൊടുത്തുവിട്ട ഒരു സ്‌ട്രൈക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചു സ്‌കോര്‍ 3-2 ലെത്തി. ഇടവേളയ്ക്കുശേഷം നാലാം ഗോളിനായി ക്രൊയേഷ്യ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പോളണ്ടിന്‍റെ ഗോള്‍ കീപ്പര്‍ മാർസിൻ ബൾക്ക അനായാസം സേവുകൾ നടത്തി ടീമിന്‍റെ പ്രതീക്ഷ നിലനിർത്തി. 68-ാം മിനിറ്റിൽ കരുത്തരെ അമ്പരപ്പിച്ച് പോളീഷ് സ്‌ട്രൈക്കർ സെബാസ്റ്റ്യൻ സിമാൻസ്‌കിക്ക് ക്രൊയേഷ്യയുടെ വലകുലുക്കി സ്‌കോർ 3-3 എന്ന നിലയിൽ സമനിലയിലാക്കി.

76-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് പെനാൽറ്റി ഏരിയയിൽ നിന്ന് പുറത്തേക്ക് ഓടി ലെവൻഡോവ്‌സ്‌കിയെ ഫൗൾ ചെയ്‌തതിന് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ പോർച്ചുഗൽ സ്കോട്ട്‌ലൻഡുമായി 0-0 സമനിലയിൽ പിരിഞ്ഞു. പോര്‍ച്ചുഗല്‍ 10 പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഏഴു പോയിന്‍റുമായി ക്രൊയേഷ്യ രണ്ടാം സ്ഥാനത്തും നാലു പോയിന്‍റുമായി പോളണ്ട് മൂന്നാം സ്ഥാനത്തും തുടരുന്നു. സ്‌കോട്ട്‌ലൻഡിന് ഒരു പോയിന്‍റുമായി അവസാന സ്ഥാനമാണ്.

Also Read:എംബാപ്പെയെ പേരെടുത്ത് പറയാതെ സ്വീഡിഷ് പ്രോസിക്യൂട്ടർ 'പീഡന പരാതി' സ്ഥിരീകരിച്ചു, പിന്നില്‍ പി.എസ്.ജിയെന്ന് താരം

ABOUT THE AUTHOR

...view details