യുവേഫ യൂറോപ്പ ലീഗില്‍ വീണ്ടും സമനില വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടര്‍ക്കിഷ് ക്ലബ് ഫെനെര്‍ബാച്ചെയാണ് ഇത്തവണ ഇംഗ്ലീഷ് ടീമിനെ സമനിലയില്‍ തളച്ചത്. യൂറോപ്പ ലീഗില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ സമനിലയാണിത്.
മത്സരത്തില്‍ ആദ്യം ലീഡ് പിടിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. 15-ാം മിനിറ്റില്‍ മധ്യനിരതാരം ക്രിസ്റ്റ്യൻ എറിക്സന്‍റെ വകയായിരുന്നു ഗോള്‍. ആദ്യ പകുതിയില്‍ ഈ ലീഡ് കൈവശം വയ്‌ക്കാൻ യുണൈറ്റഡിനായി.
മികച്ച മുന്നേറ്റങ്ങള്‍ നടത്താൻ സാധിച്ചെങ്കിലും മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ യുണൈറ്റഡ് വലയിലേക്ക് പന്ത് എത്തിക്കാൻ ഫെനെര്‍ബാച്ചെ താരങ്ങള്‍ക്കായില്ല. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഒനാനയുടെ മികച്ച പ്രകടനവും സമനില ഗോള്‍ കണ്ടെത്തുന്നതില്‍ നിന്നും ടര്‍ക്കിഷ് ക്ലബിനെ തടഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒരു ഗോള്‍ ലീഡുമായി രണ്ടാം പകുതിയിലിറങ്ങിയ യുണൈറ്റഡിന് തുടക്കത്തില്‍ തന്നെ സമനില ഗോള്‍ വഴങ്ങേണ്ടി വന്നു. മത്സരത്തിന്‍റെ 49-ാം മിനിറ്റില്‍ യൂസഫ് എൻ നെസിരിയിലൂടെയാണ് മൗറീഞ്ഞോയുടെ ശിഷ്യൻമാര്‍ യുണൈറ്റഡിനൊപ്പമെത്തിയത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ 21-ാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിലായ ഒരു ജയവും രണ്ട് സമനിലയുമുള്ള ഫെനെര്‍ബാച്ചെ 14-ാം സ്ഥാനത്തും.
മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഡച്ച് ക്ലബായ AZ അല്‍ക്ക്‌മാറിനെതിരെ ജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവരുടെ ജയം. 53-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റിച്ചാര്‍ലിസൻ ആണ് ടോട്ടൻഹാമിനായി ഗോള്‍ നേടിയത്.
ലീഗ് ഫേസില്‍ ടോട്ടൻഹാമിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണിത്. 9 പോയിന്‍റുമായി നിലവില്‍ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ഇംഗ്ലീഷ് ക്ലബ്. ഇറ്റാലിയൻ ക്ലബ് ലാസിയോയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Also Read :മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍വേട്ട, ജയം തുടര്‍ന്ന് ലിവര്‍പൂള്‍; ചാമ്പ്യൻസ് ലീഗില്‍ അത്ലറ്റിക്കോയ്‌ക്ക് 'കണ്ടകശനി'