സൂറിച്ച് : യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് കരുത്തരായ റയല്‍ മാഡ്രിഡാണ് എതിരാളി (Manchester City vs Real Madrid). അത്‌ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെ (Atletico Madrid vs Borussia Dortmund) നേരിടുമ്പോള്‍ ആഴ്‌സണലും ബയേണ്‍ മ്യൂണിക്കുമാണ് (Arsenal vs Bayern Munich) പോരടിക്കുക. പിഎസ്‌ജിയും ബാഴ്‌സലോണയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത് (PSG vs Barcelona).
ആദ്യ പാദത്തില്‍ ആഴ്‌സണല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്‌ജി എന്നിവരാണ് സ്വന്തം തട്ടകത്തില്‍ കളിക്കാന്‍ ഇറങ്ങുന്നത്. ഏപ്രില്‍ ഒമ്പതിന് പ്രിന്‍സസ് പാര്‍ക്കില്‍ പിഎസ്‌ജി ബാഴ്‌സ്‌യ്‌ക്ക് എതിരെ എത്തുന്നതോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്‍റെ അവസാന എട്ടില്‍ കളിക്കാന്‍ ഇറങ്ങുന്നത്.
തുടര്‍ന്ന് തട്ടകമായ സിവിറ്റാസ് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെതിരെ ഇറങ്ങും. ഏപ്രില്‍ പത്തിനാണ് ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ആഴ്‌സണല്‍ ബയേണിനെതിരെ ഇറങ്ങുന്നത്. 2010-ന് ശേഷം ആദ്യമായാണ് പീരങ്കിപ്പട ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. ബയേണിനായി ഗോളടിച്ച് കൂട്ടുന്ന ടോട്ടനത്തിന്‍റെ മുന്‍ താരം ഹാരി കെയ്‌നിന്‍റെ മടങ്ങിവരവിന് കൂടിയാണ് ഈ മത്സരം സാക്ഷിയാവുക. ആദ്യ സീസണില്‍ തന്നെ ബയേണിനായി 36 ഗോളുകളാണ് ഹാരി കെയ്‌ന്‍ (Harry Kane) അടിച്ച് കൂട്ടിയിട്ടുള്ളത്.