ന്യൂഡല്‍ഹി : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോഡി ആരെന്ന ചോദ്യത്തിന് നിസംശയം പറയാൻ സാധിക്കുന്ന ഉത്തരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ എന്നിവരുടെ പേരുകള്‍. ഓറഞ്ച് പട കളത്തിലിറങ്ങുന്ന ഓരോ മത്സരങ്ങളിലും ഇരുവരും ചേര്‍ന്ന് ടീമിന് സമ്മാനിക്കുന്നത് അതിഗംഭീര തുടക്കമാണ്. സീസണില്‍ ഹൈദരാബാദിനായി നാല് മത്സരങ്ങളില്‍ മാത്രം ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌ത ഹെഡ്-അഭിഷേക് ശര്‍മ സഖ്യം ഇതുവരെ 312 റണ്‍സ് സ്കോര്‍ ചെയ്‌തിട്ടുണ്ട്.
സീസണില്‍ ഇതുവരെയുള്ള ഏഴ് മത്സരങ്ങളിലും തങ്ങളുടെ ടീമിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തിട്ടുള്ള വിരാട് കോലി-ഫാഫ് ഡുപ്ലെസിസ്, രോഹിത് ശര്‍മ-ഇഷാൻ കിഷൻ ജോഡികളാണ് നിലവില്‍ ഹെഡിനും അഭിഷേകിനും മുകളില്‍ ഈ പട്ടികയില്‍ ഉള്ളത്. ഏഴ് ഇന്നിങ്‌സിലെ 36.2 ഓവറില്‍ നിന്നും 343 റണ്‍സാണ് ആര്‍സിബി ഓപ്പണര്‍മാരായ കോലിയും ഡുപ്ലെസിസും ഇതുവരെ ഒന്നാം വിക്കറ്റില്‍ നേടിയത്. ഇരുവരും ചേര്‍ന്ന് ഓരോ തവണയാണ് സെഞ്ച്വറി, അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളുടെ ഭാഗമായത്.
9.44 റണ്‍റേറ്റിലാണ് ഇരുവരും ആര്‍സിബിക്കായി റണ്‍സ് കണ്ടെത്തുന്നത്. 326 റണ്‍സാണ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന്‍റെ രോഹിത് ശര്‍മ - ഇഷാൻ കിഷൻ ജോഡി അടിച്ചെടുത്തിട്ടുള്ളത്. 10.86 റണ്‍റേറ്റില്‍ സ്കോര്‍ ചെയ്യുന്ന ഇരുവര്‍ക്കും ഏഴ് മത്സരങ്ങളില്‍ നിന്നും ഇത്രയം റണ്‍സിലേക്ക് എത്താൻ വേണ്ടി വന്നത് 30 ഓവറുകളാണ്. ഒരു പ്രാവശ്യം സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയ സഖ്യം മൂന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഏഴ് ഇന്നിങ്‌സില്‍ നിന്നും നേടിയിട്ടുണ്ട്.