ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് ക്ലബ് ലൂട്ടണ്‍ ടൗണ്‍ ക്യാപ്റ്റൻ ടോം ലോക്കിയര്‍ (Tom Lockyer). മത്സരത്തിനിടെ ഗ്രൗണ്ടില്‍ വീണപ്പോള്‍ തന്‍റെ ഹൃദയം രണ്ടര മിനിറ്റിലധികം നേരം നിലച്ചിരുന്നതായാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബര്‍ 16ന് ബേണ്‍മൗത്തിനെതിരായ മത്സരത്തിനിടെയാണ് 29കാരനായ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്.
വിറ്റാലിറ്റി സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരം നടന്നത്. മത്സരത്തിന്‍റെ 59-ാം മിനിറ്റിലായിരുന്നു ലൂട്ടണ്‍ ടൗണ്‍ നായകനും പ്രതിരോധനിര താരവുമായ ടോം ലോക്കിയര്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന്, മത്സരം ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ചികിത്സയ്‌ക്കായി അഞ്ച് ദിവസമാണ് താരത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്.
'രണ്ട് മിനിറ്റ് 40 സെക്കൻഡ്, എന്‍റെ ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷമായിരുന്നു അത്. ഹൃദയമിടിപ്പ് തിരികെ കൊണ്ട് വരുന്നതിന് എനിക്ക് ഡിഫിബ്രിലേറ്ററിന്‍റെ (Defibrillator) സഹായം ആവശ്യമായിരുന്നു. ആ സമയത്ത് എന്നെ സഹായിച്ച പാരാമെഡിക്കല്‍ ടീമിനോടും ക്ലബ് ഡോക്‌ടര്‍മാരോടും വലിയ നന്ദിയുണ്ട്, അവരെല്ലാം കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്.
ബേണ്‍മൗത്തിനെതിരായ മത്സരത്തിനിടെയുണ്ടായത് ഗുരുതരമായ സംഭവമാണെന്ന് എനിക്കറിയാം. എന്തോ സംഭവിക്കാൻ പോകുന്നെന്ന് തോന്നിയപ്പോള്‍ തന്നെ ഹാഫ് ലൈനിലേക്ക് ഓടിക്കയറാനാണ് ഞാൻ ശ്രമിച്ചത്. എന്നാല്‍, അവിടേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഞാൻ മയങ്ങിപ്പോയി. ഒരു സെക്കൻഡിനുള്ളില്‍ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല.