വെല്ലിങ്‌ടണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞ് ടിം സൗത്തി. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സര പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സൗത്തിയുടെ പടിയിറക്കം. 2022 ഡിസംബറില്‍ സ്ഥാനമൊഴിഞ്ഞ കെയ്‌ന്‍ വില്യംസണിന്‍റെ പകരക്കാരനായാണ് സൗത്തി ടീമിന്‍റെ തലപ്പത്തേക്ക് എത്തുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കിവീസിനെ 14 മത്സരങ്ങളിലാണ് സൗത്തി നയിച്ചിട്ടുള്ളത്. ഇതില്‍ ആറ് മത്സരങ്ങള്‍ വിജയിച്ച ടീം ആറെണ്ണത്തില്‍ തോല്‍വി വഴങ്ങി. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ടീമിന്‍റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടാണ് തന്‍റെ രാജിയെന്ന് സൗത്തി പ്രതികരിച്ചു.
"കരിയറിൽ ടീമിനെ ഒന്നാമതെത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഈ തീരുമാനം ടീമിന് ഏറ്റവും മികച്ചതാണെന്ന് വിശ്വസിക്കുന്നു. കളിക്കളത്തിലെ എന്‍റെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച നിലയിലേക്ക് തിരിച്ചെത്തി വിക്കറ്റുകള്‍ വീഴ്‌ത്തി ന്യൂസിലൻഡിന്‍റെ വിജയത്തില്‍ മുതല്‍ക്കൂട്ടാവാനാണ് ശ്രമം. ടീമിനെ നയിക്കാകന്‍ കഴിഞ്ഞത് ബഹുമതിയാണ്"- ന്യൂസിലന്‍ഡ് ക്രിക്കറ്റ് പുറത്തുവിട്ട പ്രസ്‌താവനയില്‍ 35-കാരന്‍ പറഞ്ഞു.
സൗത്തിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി പരിശീലകന്‍ ഗാരി സ്‌റ്റെഡ് പ്രതികരിച്ചു. 17 വര്‍ഷമായി ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ സേവിക്കുന്ന സൗത്തി, കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും വളരെയധികം ബഹുമാനിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടെസ്റ്റ് ടീമിന്‍റെ പുതിയ നായകനായി ടോം ലാഥത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: അയാള്‍ ആ പ്രക്രിയ ഇവിടെയും നടപ്പിലാക്കി, ഇതു ഇന്ത്യന്‍ ക്രിക്കറ്റിന് രോഹിത്തിന്‍റെ സംഭാവന; പുകഴ്‌ത്തി സഞ്ജയ് മഞ്ജരേക്കര്‍ - Manjrekar praises Rohit Sharma
ഇന്ത്യയ്‌ക്ക് എതിരെ മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലന്‍ഡ് കളിക്കുന്നത്. ഒക്‌ടോബര്‍ 16 മുതല്‍ക്ക് 20 വരെ ബെംഗളൂരുവിലാണ് ആദ്യ മത്സരം. 16 മുതല്‍ 20 വരെ പൂനെയില്‍ രണ്ടാം ടെസ്റ്റ് നടക്കും. നവംബര്‍ 1 മുതല്‍ അഞ്ച് വരെ മുംബൈയിലാണ് അവസാന മത്സരം.