സിഡ്‌നി: ഓസ്‌ട്രേലിയൻ ഇതിഹാസം താരം ഡോൺ ബ്രാഡ്‌മാൻ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ ധരിച്ച ടെസ്റ്റ് തൊപ്പിക്ക് റെക്കോർഡ് വില. 1947-48 ടെസ്റ്റ് പരമ്പരയിലെ ഡോൺ ബ്രാഡ്‌മാൻ ധരിച്ച ക്യാപ്പായ 'ബാഗി ഗ്രീൻ' 479,700 ഡോളറിന് (2.63 കോടി രൂപ) ലേലത്തിൽ പോയി. ലേലം 10 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. അമൂല്യമായ പൈതൃകം വാങ്ങാൻ ആളുകള്‍ തിരക്കുകൂട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അവസാന ലേലം നടന്നപ്പോള്‍ തൊപ്പിയുടെ വില 390,000 ഡോളറായിരുന്നു. പിന്നാലെ 479,700 ഡോളറായി (2.63 കോടി രൂപ) വർധിക്കുകയായിരുന്നു. ഈ ടെസ്റ്റ് തൊപ്പി ഇതുവരേ ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ ക്രിക്കറ്റ് സ്‌മരണികകളിൽ ഒന്നായി മാറി.
ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടൂർ മാനേജരായ പങ്കജ് "പീറ്റർ" കുമാർ ഗുപ്തയ്ക്ക് തൊപ്പി ബ്രാഡ്‌മാന്‍ സമ്മാനിച്ചതാണെന്ന് ഫോക്‌സ് സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്‌തു. പിന്നീട് ഈ തൊപ്പി മൂല്യമുള്ള പുരാവസ്‌തുവായി പ്രഖ്യാപിക്കുകയായിരുന്നു. ബാഗി ഗ്രീൻ ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു കരിയറിനെയാണ് പ്രതിനിധീകരിക്കുന്നത്.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇന്ത്യക്കെതിരായ പരമ്പരയിൽ ബ്രാഡ്‌മാന്‍ ധരിച്ചിരുന്ന തൊപ്പിയെന്നാണ് കരുതപ്പെടുന്നത്. 1947-48 പരമ്പരയിലെ ബ്രാഡ്‌മാന്‍റെ പ്രകടനം അസാധാരണമായിരുന്നു. സ്വന്തം മണ്ണിലെ തന്‍റെ അവസാന ടെസ്റ്റ് പരമ്പരയിൽ, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ വെറും ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 178.75 ശരാശരിയിൽ 715 റൺസ് നേടി. അതിൽ മൂന്ന് സെഞ്ചുറികളും ഒരു ഡബിൾ സെഞ്ചുറിയും ഉൾപ്പെടുന്നു.
"ദി ഡോൺ" എന്നറിയപ്പെടുന്ന ഡോൺ ബ്രാഡ്‌മാന്‍ എക്കാലത്തെയും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്നു. 52 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 അർധസെഞ്ചുറികളും 29 സെഞ്ചുറികളും ഉൾപ്പെടെ 6996 റൺസ് നേടിയിട്ടുണ്ട്. ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികളും (12) ഏറ്റവും കൂടുതൽ ട്രിപ്പിൾ സെഞ്ചുറികളും (2) താരം സ്വന്തമാക്കിയിട്ടുണ്ട്. 2001-ൽ 92-ാം വയസിൽ അദ്ദേഹം അന്തരിച്ചു.
Also Read:ദക്ഷിണാഫ്രിക്കൻ പര്യടനം; പാകിസ്ഥാന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു, ഷഹീൻ ഷാ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്