പാരീസ്: ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിക്‌സ് സമാപിച്ചു. സ്റ്റാഡ് ദി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ വര്‍ണാഭവും താരനിബിഡമായ വിവിധ പരിപാടികള്‍ക്കൊടുവിലാണ് പാരീസ് പതിപ്പ് കൊടിയിറങ്ങിയത്. സമാപന പാസ്റ്റില്‍ മലയാളി ഇതിഹാസ ഹോക്കി താരം പി.ആര്‍ ശ്രീജേഷും ഷൂട്ടര്‍ മനു ഭാക്കറും ഇന്ത്യന്‍ പതാക വഹിച്ചു. കാണികളുടെ സാന്നിധ്യം, അത്‌ലറ്റുകളുടെ പ്രകടനങ്ങൾ, മെഡൽ നേട്ടങ്ങൾ എന്നിവയില്‍ പാരീസ് റെക്കോർഡുകള്‍ ഭേദിച്ചു.
117 പേരടങ്ങുന്ന ഇന്ത്യന്‍ താരങ്ങളാണ് പാരീസിലേക്ക് പോയത്. ഒരു വെള്ളിയും അഞ്ച് വെങ്കലുമടക്കം ആറു മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ 71-ാം സ്ഥാനത്തെത്തി. ഗെയിംസിൽ മനു ഭാക്കർ ഇന്ത്യയുടെ ആദ്യ മെഡലായ വെങ്കലം നേടി. ഒളിമ്പിക് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവര്‍ മാറി.
സരബ്‌ജോത് സിങ്ങിനൊപ്പം മിക്‌സഡ് ടീം 10 മീറ്റർ എയർ പിസ്റ്റൾ വെങ്കലം നേടിയതിന് ശേഷം ഒരു ഒളിമ്പിക് പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായും മനു ഭാക്കർ ചരിത്രം സൃഷ്ടിച്ചു. കൂടാതെ സ്വപ്നിൽ കുസാലെ ഷൂട്ടിങ്ങിൽ ഇന്ത്യയ്‌ക്കായി മൂന്നാം മെഡൽ നേടി. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പാരീസിൽ വെങ്കലം നേടി ഇന്ത്യൻ പുരുഷ ഹോക്കി ടീം ടോക്കിയോയിലെ വിജയം ആവർത്തിച്ചു. നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി നേടി. വെങ്കലത്തോടെ ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാവായി അമൻ സെഹ്‌രാവത്ത് നേട്ടം കൈവരിച്ചു.
ഗെയിംസില്‍ ഇന്ത്യയുടെ ആറ് കളിക്കാര്‍ അവരുടെ ഇനങ്ങളിൽ നാലാം സ്ഥാനത്തെത്തി. തൊട്ടടുത്ത മാർജിനില്‍ നിന്നാണ് പലര്‍ക്കും മെഡൽ നഷ്ടമായത്. പാക്കിസ്ഥാന്‍റെ അർഷാദ് നദീം 92.97 മീറ്റർ എറിഞ്ഞ് തന്‍റെ വ്യക്തിഗത മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൂടാതെ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയിൽ നിന്ന് വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ഹൃദയഭേദകമായി.