കേരളം

kerala

കലാശപ്പോരില്‍ രക്ഷകനായി കിങ് കോലി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ - T20 WC 2024 IND vs SA Score updates

By ETV Bharat Kerala Team

Published : Jun 29, 2024, 9:51 PM IST

Updated : Jun 29, 2024, 10:06 PM IST

ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യയുടെ ടോപ് സ്‌കോററായി വിരാട് കോലി.

VIRAT KOHLI  ടി20 ലോകകപ്പ് 2024  വിരാട് കോലി  ഇന്ത്യ ദക്ഷിണാഫ്രിക്ക
വിരാട് കോലി (IANS)

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സ് നേടി. നിര്‍ണായക മത്സരത്തില്‍ ഫോം കണ്ടെത്തിയ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. 59 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 76 റണ്‍സാണ് കോലി നേടിയത്. അക്‌സര്‍ പട്ടേല്‍ (31 പന്തില്‍ 47), ശിവം ദുബെ (16 പന്തില്‍ 27) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു.

മാര്‍കോ ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ 15 റണ്‍സ് അടിച്ചെങ്കിലും ഇന്ത്യയുടെ തുടക്കം പാളി. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ടീമിന് നഷ്‌ടമായത്. ഓപ്പണര്‍ രോഹിത് ശര്‍മയേയും (9) റിഷഭ്‌ പന്തിനേയും (0) കേശവ് മഹാരാജാണ് തിരിച്ചയച്ചത്.

രോഹിത്തിനെ ഹെന്‍റിച്ച് ക്ലാസനും പന്തിനെ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കും കയ്യിലൊതുക്കി. പിന്നാലെ സൂര്യകുമാര്‍ യാദവിനെ (4) കാഗിസോ റബാഡ ക്ലാസന്‍റെ കയ്യിലെത്തിച്ചതോടെ ഇന്ത്യ 4.3 ഓവറില്‍ 34/3 എന്ന നിലയിലായി. പിന്നീട് വിരാട് -അക്‌സര്‍ സഖ്യം ഇന്ത്യയ്‌ക്ക് കരുത്തായി. 72 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 14-ാം ഓവറില്‍ അക്‌സര്‍ റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്.

തുടര്‍ന്നെത്തിയ ദുബെ കോലിയ്‌ക്ക് പിന്തുണ നല്‍കി. 57 റണ്‍സാണ് ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 19-ാം ഓവറില്‍ കോലിയെ ജാന്‍സന്‍ മടക്കി. അവസാന ഓവറില്‍ ദുബെയും രവീന്ദ്ര ജഡേജയും (2) മടങ്ങിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജും ആന്‍റിച്ച് നോര്‍ക്യേയും രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻഡ്രിക്‌സ്, എയ്‌ഡൻ മാര്‍ക്രം (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാൻസൻ, കേശവ് മഹാരാജ്, കഗിസോ റബാഡ, ആൻറിച്ച് നോര്‍ക്യ, തബ്രൈസ് ഷംസി.

Last Updated : Jun 29, 2024, 10:06 PM IST

ABOUT THE AUTHOR

...view details