ന്യൂയോര്‍ക്ക്:ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. അയര്‍ലന്‍ഡിനെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ പോള്‍ സ്റ്റെർലിങ്ങിന്റെ ടീം പടുത്തുയര്‍ത്തിയ 97 എന്ന നിസാരമായ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിയത് 12.2 ഓവറില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനെത്തിയ അയര്‍ലന്‍ഡിനെ 16 ഓവറില്‍ ഓള്‍ഔട്ടാക്കി കൂടാരത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നു ഇന്ത്യയുടെ ബൗളര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്നും ജസ്പ്രിത് ബുമ്രയുടെയും, അര്‍ഷ്ദീപ് സിങ്ങിന്റയും രണ്ടും വിക്കറ്റുകളാണ് മത്സരത്തില്‍ അയര്‍ലന്‍ഡിനെ എറിഞ്ഞൊതുക്കിയത്.
ബാറ്റിങ് ദുഷ്കമായ പിച്ചില്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണിങ്ങിറങ്ങിയത് രോഹിത് - വിരാട് കോലി സഖ്യമാണ്. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാവാതെ കോലിക്ക് (5) മടങ്ങേണ്ടി വന്നപ്പോള്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയത് രോഹിത് - റിഷഭ് പന്ത് കൂട്ടുകെട്ടാണ്. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ജയം എളുപ്പമാക്കിയത്.
37 പന്തില്‍ 52 റണ്‍സ് എടുത്ത രോഹിത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോള്‍ 26 പന്തില്‍ 36 റൺസ് എടുത്ത് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മൂന്ന് ഫോറും രണ്ട് സിക്സറും പറത്തിയാണ് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രോഹിത്തിന് ശേഷം കളത്തിലിറങ്ങിയ സൂര്യകുമാര്‍ യാദവ് (2) നിരാശ സമ്മാനിച്ചപ്പോള്‍ പന്തിനൊപ്പം ശിവം ദുബെ പിടിച്ചുനിന്നു.