കേരളം

kerala

ETV Bharat / sports

തീയായി ബുംറ, എരിഞ്ഞടങ്ങി അഫ്‌ഗാന്‍; സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം - T20 WC AFG vs IND Result - T20 WC AFG VS IND RESULT

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്‌ഗാനിസ്ഥാനെ 47 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ.

suryakumar yadav  jasprit bumrah  ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍  ജസ്‌പ്രീത് ബുംറ
ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനിടെ (IANS)

By ETV Bharat Kerala Team

Published : Jun 21, 2024, 6:36 AM IST

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 181 റണ്‍സായിരുന്നു നേടിയത്.

സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 28 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. 24 പന്തില്‍ 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ചേര്‍ന്നാണ് അഫ്ഗാനെ തകര്‍ത്തത്. നാല് ഓവറില്‍ വെറും ഏഴ്‌ റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകളും നേടി. അഫ്‌ഗാന്‍റെ തുടക്കം തന്നെ പാളി.

സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. റഹ്മാനുള്ള ഗുര്‍ബാസ് (11), ഇബ്രാഹിം സദ്രാന്‍ (8), ഹസ്രതുള്ള സസായി (2) എന്നിവരാണ് വേഗം മടങ്ങിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളയില്‍ വിക്കറ്റുകള്‍ നഷ്‌ടമായ അഫ്‌ഗാന് ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.

ഗുല്‍ബാദിന്‍ നെയ്ബ് (17), അസ്മതുള്ള ഒമര്‍സായ് (26), നജീബുള്ള സദ്രാന്‍ (19), മുഹമ്മദ് നബി (14), നൂര്‍ അഹമ്മദ് (12), റാഷിദ് ഖാന്‍ (2), നവീന്‍ ഉല്‍ ഹഖ് (0), എന്നിവര്‍ പുറത്തായപ്പോള്‍ ഫസല്‍ഹഖ് ഫാറൂഖി (4) പുറത്താവാതെ നിന്നു.

നേരത്തെ ഇന്ത്യയ്‌ക്കും മോശം തുടക്കമായിരുന്നു ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ 8) മൂന്നാം ഓവറില്‍ തിരിച്ച് കയറി. തുടര്‍ന്ന് ഒന്നിച്ച റിഷഭ്‌ പന്ത്- വിരാട് കോലി സഖ്യം 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലി ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ പന്താണ് ഒരല്‍പം ആക്രമിച്ചത്.

എന്നാല്‍ പന്തിനെ (11 പന്തില്‍ 20) വിക്കറ്റിന് മുന്നില്‍ കുരുക്കിയ റാഷിദ് ഖാന്‍ അഫ്‌ഗാന് ബ്രേക്ക് ത്രു നല്‍കി. പിന്നാലെ കോലിയേയും (24 പന്തില്‍ 24) റാഷിദ് വീഴ്‌ത്തി. ശിവം ദുബെ (7 പന്തില്‍ 10) നിരാശപ്പെടുത്തി.

പിന്നീട് ഒന്നിച്ച ഹാര്‍ദിക്-സൂര്യ സഖ്യം 60 റണ്‍സ് ചേര്‍ത്തതാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. സൂര്യയെ വീഴ്‌ത്തിയ ഫസല്‍ഹഖ്‌ ഫാറൂഖിയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്ന് സിക്സും അഞ്ച് ഫോറും നേടിയാണ് സൂര്യ മടങ്ങിയത്. പിന്നീട് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഹാര്‍ദിക്കിനെ നവീനും മടക്കി.

രവീന്ദ്ര ജഡേജയും (7) വേഗം മടങ്ങി. അക്സര്‍ പട്ടേല്‍ (6 പന്തില്‍ 12) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. അഫ്‌ഗാനായി റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ABOUT THE AUTHOR

...view details