പാരിസ് : ഒളിമ്പിക്‌സ് 50 മീറ്റര്‍ റെെഫിള്‍ 3 പൊസിഷന്‍സില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി പൂന സ്വദേശിയായ സ്വപ്‌നില്‍ സുരേഷ് കുസാലെ. സ്വപ്‌നില്‍ കാഞ്ചിവലിച്ചത് ചരിത്ര നേട്ടത്തിലേക്കായിരുന്നു. ഈ ഇനത്തില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാകും സ്വപ്‌നില്‍ സുരേഷ്. 451.4 പോയിന്‍റുകളാണ് താരത്തിന് ലഭിച്ചത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ഈ ഇനത്തില്‍ ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്.
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ കരിയര്‍ യാത്രയ്ക്ക് സമാനമാണ് കുസാലെയുടെ കഥയും. ധോണിയെപ്പോലെ കുസാലെയും സെൻട്രൽ റെയിൽവേയിൽ ടിക്കറ്റ് കലക്‌ടറായി ജോലി ചെയ്‌തു. പൂനെ ഡിവിഷനിൽ ടിക്കറ്റ് കലക്‌ടറായി ജോലി ചെയ്യുന്നതിനിടെയാണ് ആദ്യ ഒളിമ്പിക്‌സിലെ മെഡൽ നേട്ടം. എം എസ് ധോണി തന്‍റെ കരിയറിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.
ഫുട്ബോള്‍ പ്രേമികളുടെ നാടായ മഹാരാഷ്ട്രയിലെ കോലാപൂർ സ്വദേശിയാണ് 29കാരനായ സ്വപ്‌നില്‍. കോലാപൂരിലെ എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞത് ഒരു ഫുട്ബോള്‍ കളിക്കാരനെങ്കിലുമുണ്ട്. എന്നാല്‍ പതിവിന് വിപരീതമായിട്ടായിരുന്നു സ്വപ്‌നില്‍ സഞ്ചരിച്ചത്. ഷൂട്ടിങ്ങിനോട് ഇഷ്‌ട് തോന്നിയതോടെ പരിശീലനത്തിനായി നാസിക്കിലേക്ക് പോയി.