തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാനത്തേക്ക് വിരുന്നെത്തുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. സൂപ്പര്‍ ലീഗ് കേരള മത്സരത്തില്‍ തലസ്ഥാനത്തിന്‍റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പന്‍സ് അവരുടെ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് (സെപ്‌റ്റംബര്‍ 16) തൃശൂര്‍ മാജിക് എഫ്‌സിയുമായി വൈകിട്ട് 7.30ന് ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് 4 മുതല്‍ 5 വരെ കാണികള്‍ക്ക് സൗജന്യമായി ടിക്കറ്റ് ലഭിക്കും.
കൊമ്പന്‍സിന്‍റെ ആദ്യ ഹോം ഗ്രൗണ്ട് മത്സരമാണിന്ന്. വൈകിട്ട് 5 മണി മുതല്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങും. വൈകിട്ട് 7മണി വരെ സ്‌റ്റേഡിയം പരിസരത്ത് ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കാലിക്കറ്റ് എഫ്‌സിയുമായുള്ള ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഓരോ ഗോളിന്‍റെ സമനിലയിലായിരുന്നു ഇരു ടീമുകളും പിരിഞ്ഞത്.
രണ്ടാം മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നിലെത്തുമ്പോള്‍ കൊമ്പന്‍സ് പ്രതീക്ഷയിലാണ്. എങ്കിലും ആദ്യ മത്സരത്തില്‍ ടീമിന്‍റെ ഓട്ടേമര്‍ ബിസ്പോയ്ക്കും പാപുയയ്ക്കും ലഭിച്ച മഞ്ഞ കാര്‍ഡുകള്‍ ടീമിനെ ബാധിച്ചിട്ടുണ്ട്. ഹോം ഗ്രൗണ്ടില്‍ വിജയം നേടിയാല്‍ ടീമിന് 3 പോയിന്‍റുകള്‍ ലഭിക്കും.
ട്രിവാന്‍ഡ്രം കൊമ്പന്‍സിന് പരിക്കിന്‍റെ ആശങ്കയില്ലെങ്കിലും അനുഭവ സമ്പന്നനായ സികെ വിനീതിന്‍റെ നേതൃത്വത്തിലാണ് നാളെ തൃശൂര്‍ മാജിക് എഫ്‌സി പന്ത് തട്ടാനെത്തുന്നത്. കളിക്ക് മുന്നോടിയായി പുനരുദ്ധരിച്ച സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകള്‍ ഇന്നലെ പ്രവര്‍ത്തന സജ്ജമായി. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സുമായി 1-2ന് തോല്‍വി വഴങ്ങിയ തൃശൂര്‍ മാജിക് എഫ്‌സിയുടെ അക്രമണ നീക്കങ്ങള്‍ക്ക് പ്രധാന വെല്ലുവിളി കൊമ്പന്‍സിന്‍റെ ഗോള്‍ കീപ്പര്‍ മൈക്കേല്‍ അമേരിക്കോയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.