ഹൈദരാബാദ് :അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെ ഒരു റണ്ണിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്‍റെ ക്ലാസ് ഇന്നിങ്‌സിന്‍റെയും നിതീഷ് കുമാര്‍ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ മാസ് ഇന്നിങ്‌സിന്‍റെയും കരുത്തില്‍ നേടിയത് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തുടക്കം പതറിയെങ്കിലും പിന്നീട് തിരിച്ചുവന്ന രാജസ്ഥാന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റില്‍ 200 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
പാറ്റ് കമ്മിൻസ് എറിഞ്ഞ 19-ാമത്തെയും ഭുവനേശ്വര്‍ കുമാറിന്‍റെ അവസാനത്തെയും ഓവറുകളായിരുന്നു റോയല്‍സില്‍ നിന്നും ജയം തട്ടിയെടുക്കാൻ സണ്‍റൈസേഴ്‌സിനെ സഹായിച്ചത്. ഹൈദരാബാദിനോട് തോറ്റതോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ സഞ്ജുവിനും കൂട്ടര്‍ക്കും കാത്തിരിക്കണം. മറുവശത്ത്, രാജസ്ഥാനെതിരായ ജയം പോയിന്‍റ് പട്ടികയില്‍ ഹൈദരാബാദിനെ ആദ്യ നാലിലേക്ക് എത്തിച്ചിട്ടുണ്ട്.
202 എന്ന വമ്പൻ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ജോസ് ബട്‌ലറെയും ക്യാപ്‌റ്റൻ സഞ്ജു സാംസണിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ കൂടാരം കയറ്റി. തുടര്‍ന്ന് ഒന്നിച്ച ജയ്‌സ്വാള്‍, പരാഗ് സഖ്യം അനായാസം സ്കോര്‍ കണ്ടെത്തി രാജസ്ഥാന് വിജയപ്രതീക്ഷയായി.
133 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 14-ാം ഓവറിലെ മൂന്നാം പന്തില്‍ ജയ്‌സ്വാളിനെ (40 പന്തില്‍ 67) മടക്കി നടരാജനാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്. 49 പന്തില്‍ 77 റണ്‍സ് നേടിയ റിയാൻ പരാഗിനെ 16-ാം ഓവറില്‍ പാറ്റ് കമ്മിൻസും പറഞ്ഞയച്ചു.