ന്യൂഡല്‍ഹി:ഐപിഎല്ലില്‍ ബാറ്റിങ്ങ് വെടിക്കെട്ടിന്‍റെ കരുത്തില്‍ വീണ്ടും ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി കാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ പോയി 67 റണ്‍സിനാണ് ഹൈദരാബാദ് തകര്‍ത്തത്. ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുകൂട്ടിയത് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സ്.
മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 19.1 ഓവറില്‍ 199 റണ്‍സില്‍ എറിഞ്ഞൊതുക്കാൻ അവര്‍ക്ക് സാധിച്ചു. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ടി നടരാജന്‍റെ പ്രകടനം ഹൈദരാബാദ് ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എത്തി.
267 എന്ന വമ്പൻ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ 16 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്‌ടപ്പെട്ടിരുന്നു. വാഷിങ്ടണ്‍ സുന്ദറാണ് ഷായെ മടക്കിയത്. അടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണറിന്‍റെ (1) വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കി.
മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് - അഭിഷേക് പോറെല്‍ സഖ്യം അതിവേഗം റണ്‍സ് അടിച്ചുകൂട്ടി. അങ്ങനെ ഡല്‍ഹി സ്കോര്‍ കുതിച്ചു. 84 റണ്‍സായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നത്.