മുംബൈ:ടി20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്‌ജു സാംസണ്‍, റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യയ്‌ക്കായി കളത്തിലേക്ക് എത്തിയിരുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്‌ജു സാംസണ്‍ ആറ് പന്തില്‍ വെറും ഒരു റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തി. എന്നാല്‍ റിഷഭ് പന്ത് അര്‍ധ സെഞ്ചുറിയുമായി തിളങ്ങി.
കാര്‍ അപകടത്തെ തുടര്‍ന്ന് ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായി കളിച്ച ആദ്യ മത്സരത്തില്‍ നാല് വീതം ഫോറുകളും സിക്‌സറുകളും സഹിതം 53 റണ്‍സായിരുന്നു പന്ത് നേടിയത്. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനായി റിട്ടയേര്‍ഡ് ഔട്ടായി പന്ത് തിരിച്ച് കയറുകയായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുക റിഷഭ് പന്താവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ സഞ്‌ജുവിനേക്കാള്‍ പന്ത് മികച്ച താരമാണ്. സമീപകാലത്ത് സഞ്‌ജുവിന് വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാത്തത് പന്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. "വിക്കറ്റ് കീപ്പിങ് കഴിവുകൾ താരതമ്യം ചെയ്താൽ റിഷഭ് പന്ത്, സഞ്‌ജു സാംസണേക്കാൾ മികച്ചതാണെന്ന് ഞാന്‍ കരുതുന്നത്. ബാറ്റിങ്ങിനെക്കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്.
ബാറ്റിങ്ങും ഒരു വിഷയം തന്നെയാണ്. എന്നാല്‍ നോക്കൂ, കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ റിഷഭ് പന്ത് മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. മറുവശത്ത്, സഞ്‌ജുവിന് ഐപിഎല്ലില്‍ ഗംഭീര തുടക്കം ലഭിച്ചു. ഗ്രൗണ്ടിന്‍റെ എല്ലാ വശങ്ങളിലും പന്തടിച്ച് ഇഷ്‌ടാനുസരണം റൺസ് നേടി. എന്നാല്‍ അവസാനം കളിച്ച രണ്ടോ മൂന്നോ മത്സരങ്ങളില്‍ അവന് കാര്യമായ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ല"- ഗവാസ്‌കര്‍ പറഞ്ഞു.