ബെംഗളൂരു :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറി നേടിയെങ്കിലും ടീമിന്റെ തോല്‍വിയില്‍ പഴി കേള്‍ക്കേണ്ടി വരികയാണ് ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായി നടന്ന മത്സരത്തില്‍ 59 പന്ത് നേരിട്ട വിരാട് കോലി പുറത്താകാതെ 83 റണ്‍സാണ് നേടിയത്. കോലിയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ആര്‍സിബിയ്ക്ക് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാൻ സാധിച്ചത്.
മറുപടി ബാറ്റിങ്ങില്‍ സുനില്‍ നരെയ്നും വെങ്കിടേഷ് അയ്യറും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 17-ാം ഓവറില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ്, ബാറ്റിങ്ങില്‍ കോലിയുടെ മെല്ലെപ്പോക്കാണ് ആര്‍സിബിയുടെ തോല്‍വിയ്ക്ക് കാരണമെന്ന വാദം ഒരു കൂട്ടം ആരാധകര്‍ ഉന്നയിച്ചത്. എന്നാല്‍, ഇവര്‍ക്കുള്ള മറുപടി മത്സരത്തിനിടെ മുൻ താരം സുനില്‍ ഗവാസ്കര്‍ തന്നെ നല്‍കിയിരുന്നു. ആര്‍സിബി നിരയിലെ മറ്റ് ബാറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഗവാസ്കറുടെ പ്രതികരണം.
'വിരാട് കോലിയ്ക്ക് ഇവിടെ ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നാണ് നിങ്ങള്‍ വ്യക്തമാക്കേണ്ടത്. ടീമില്‍ ഉള്ള ആരെങ്കിലും അയാള്‍ക്ക് വേണ്ട പിന്തുണ നല്‍കേണ്ടതുണ്ട്. ഇന്ന്, ആരെങ്കിലും കോലിയ്ക്ക് ഒരു സപ്പോര്‍ട്ട് നല്കിയിരുന്നെങ്കില് 83ന് പകരം 120 എങ്കിലും കോലി അടിച്ചെടുക്കുമായിരുന്നു.