ചെന്നൈ:രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാൻ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ പതിനേഴാം പതിപ്പിന്‍റെ ഫൈനലില്‍. ചെപ്പോക്കില്‍ രാജസ്ഥാനെ 36 റണ്‍സിന് തകര്‍ത്താണ് പാറ്റ് കമ്മിൻസും സംഘവും ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് 9 വിക്കറ്റ് നഷ്‌ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
നായകൻ സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ളവരുടെ മോശം പ്രകടനമാണ് നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് തിരിച്ചടിയായത്. അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെല്‍ (56), ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (42) എന്നിവരൊഴികെ മറ്റാര്‍ക്കും റോയല്‍സ് നിരയില്‍ മികവിലേക്ക് ഉയരാൻ സാധിച്ചില്ല. 176 റണ്‍സിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍റെ തുടക്കവും മോശമായിരുന്നു.
ചെപ്പോക്കില്‍ താളം കണ്ടെത്താൻ വിഷമിച്ച ടോം കോലര്‍ കാഡ്‌മോറിനെ മത്സരത്തിന്‍റെ നാലാം ഓവറില്‍ രാജസ്ഥാന് നഷ്‌ടപ്പെട്ടു. 16 പന്ത് നേരിട്ട താരം 10 റണ്‍സെടുത്താണ് പുറത്തായത്. മൂന്നാം നമ്പറില്‍ എത്തിയ നായകൻ സഞ്ജു സാംസണെ മറുവശത്ത് നിര്‍ത്തി യശസ്വി ജയ്‌സ്വാള്‍ തകര്‍ത്തടിച്ചു.
രണ്ടാം വിക്കറ്റില്‍ 41 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, കൂട്ടുകെട്ടിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. അടുത്തടുത്ത ഓവറുകളില്‍ തന്നെ ഇരുവരും മടങ്ങി.
21 പന്തില്‍ 42 റണ്‍സടിച്ച ജയ്‌സ്വാളിനെ ഷഹ്‌ബാസ് അഹമ്മദും 11 പന്ത് നേരിട്ട് 10 റണ്‍സ് നേടിയ സഞ്ജു സാംസണെ അഭിഷേക് ശര്‍മയുമാണ് പുറത്താക്കിയത്. റിയാൻ പരാഗിനും (10 പന്തില്‍ 6) തിളങ്ങാനായില്ല. രവിചന്ദ്രൻ അശ്വിൻ (0), ഷിംറോണ്‍സ ഹെറ്റ്‌മെയര്‍ (4), റോവ്‌മാൻ പവല്‍ (6) എന്നിവരും നിരാശപ്പെടുത്തി. 35 പന്തില്‍ 56 റണ്‍സ് നേടിയ ജുറെലിന്‍റെ ഇന്നിങ്‌സ് തോല്‍വി ഭാരം കുറയ്‌ക്കുന്നത് മാത്രമായി. ട്രെന്‍റ് ബോള്‍ട്ടായിരുന്നു (0) മത്സരം അവസാനിക്കുമ്പോള്‍ ജുറെലിനൊപ്പം ക്രീസിലുണ്ടായിരുന്നത്.
മത്സരത്തില്‍ ഹൈദരാബാദിനായി പന്തെറിഞ്ഞ ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റാണ് നേടിയത്. അഭിഷേക് ശര്‍മ രണ്ട് വിക്കറ്റും സ്വന്തമാക്കി. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് ഹെൻറിച്ച് ക്ലാസൻ (50), രാഹുല്‍ തൃപാഠി (37), ട്രാവിസ് ഹെഡ് (34) എന്നിവരുടെ ബാറ്റിങ്ങ് മികവിലായിരുന്നു 175 എന്ന സ്കോറിലേക്ക് എത്തിയത്.
Also Read :ഓപ്പണറായി ഐപിഎല്ലില്‍ പൊളിച്ചു, ലോകകപ്പില്‍ കോലിയെ ഇന്ത്യയ്‌ക്ക് വേണ്ടത് മറ്റൊരു റോളില്‍: എ ബി ഡിവില്ലിയേഴ്‌സ് - AB De Villiers On Virat Kohli