ചെന്നൈ :ഐപിഎല്‍ പതിനേഴാം പതിപ്പിലെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. എലിമിനേറ്റര്‍ ജയിച്ചെത്തുന്ന രാജസ്ഥാൻ റോയല്‍സും ആദ്യ ക്വാളിഫയറില്‍ തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന മത്സരം രാത്രി ഏഴരയ്‌ക്ക് ആരംഭിക്കും.
പോയിന്‍റ് പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ലീഗ് ഘട്ടം അവസാനിപ്പിച്ച ടീമുകള്‍. സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയും മികച്ച ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടം. രണ്ടാം ക്വാളിഫയറില്‍ ഇരു ടീമും പേരിനിറങ്ങുമ്പോള്‍ വിജയം ആര്‍ക്കെന്നത് പ്രവചനാതീതം.
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, രാഹുല്‍ തൃപാഠി, ഹെൻറിച്ച് ക്ലാസൻ അങ്ങനെ നീളും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റിങ് നിര. ചെപ്പോക്കിലെ സ്‌പിൻ ട്രാക്കില്‍ യുസ്‌വേന്ദ്ര ചഹാല്‍, രവിചന്ദ്രൻ അശ്വിൻ സഖ്യത്തിനാകും രാജസ്ഥാൻ നിരയില്‍ ഇവരെ പിടിച്ചുകെട്ടാനുള്ള ചുമതല. എന്നാല്‍, ഇവരെ നേരത്തെ പൂട്ടാൻ രാജസ്ഥാന് സാധിച്ചില്ലെങ്കില്‍ പണിപാളും.
യശസ്വി ജയ്‌സ്വാള്‍, റിയാൻ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ അവസാന മത്സരത്തിലെ പ്രകടനം റോയല്‍സിനും പ്രതീക്ഷ സമ്മാനിക്കുന്നു. നായകൻ സഞ്ജു സാംസണ്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്‌താല്‍ പിന്നീട് കാര്യമായ വെല്ലുവിളികള്‍ ഒന്നും രാജസ്ഥാന് നേരിടേണ്ടി വരില്ല. മികച്ച സ്‌പിന്നര്‍മാരുടെ അഭാവം ഹൈദരാബാദിന് തിരിച്ചടിയാണ്.
നിലവിലെ സാഹചര്യത്തില്‍ സ്‌പിന്നര്‍ മായങ്ക് മാര്‍കണ്ഡെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. എയ്‌ഡൻ മാര്‍ക്രം, ഗ്ലെൻ ഫിലിപ്‌സ് എന്നിവരില്‍ ഒരാള്‍ക്കും അവസരം ലഭിക്കാനാണ് സാധ്യത. പേസര്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ സ്പെല്ലും രാജസ്ഥാന് നിര്‍ണായകമാകും. ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജൻ എന്നിവരിലാണ് പേസ് ബൗളിങ്ങില്‍ ഹൈദരാബാദിന്‍റെ പ്രതീക്ഷ.
ഈ സീസണില്‍ ലീഗ് ഘട്ടത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ച മത്സരത്തില്‍ ഹൈദരാബാദിനൊപ്പമായിരുന്നു ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു സണ്‍റൈസേഴ്‌സ് രാജസ്ഥാൻ റോയല്‍സിനെ തോല്‍പ്പിച്ചത്.
Also Read :കെഎല്‍ രാഹുലിന്‍റെ 'മുന്നറിയിപ്പ്'; ഇന്ത്യയുടെ പരിശീലകനാകാൻ ഇല്ലെന്ന് ജസ്റ്റിൻ ലാംഗര്‍ - Justin Langer On India Coach Job
രാജസ്ഥാൻ റോയല്‍സ് സാധ്യത ടീം : യശസ്വി ജയ്‌സ്വാള്‍, ടോം കോലര്‍ കാഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), റിയാൻ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്‌മാൻ പവല്‍/കേശവ് മഹാരാജ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോള്‍ട്ട്, ആവേശ് ഖാൻ, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ടീം :ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ തൃപാഠി, എയ്‌ഡൻ മാര്‍ക്രം/ഗ്ലെൻ ഫിലിപ്‌സ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), അബ്‌ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍കണ്ഡെ, ടി നടരാജൻ.