ഹൈദരാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍തോല്‍വികളില്‍ നിന്നും കരകയറാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഇറങ്ങും. പ്ലേ ഓഫ് ഉറപ്പിക്കാൻ എത്തുന്ന മിന്നും ഫോമിലുള്ള രാജസ്ഥാൻ റോയല്‍സാണ് മത്സരത്തില്‍ ഹൈദരാബാദിന്‍റെ എതിരാളികള്‍. ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
രാജസ്ഥാൻ റോയല്‍സിന്‍റെ ബൗളര്‍മാരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റര്‍മാരും തമ്മിലുള്ള പോരാട്ടത്തിനാകും ഇന്ന് ഉപ്പല്‍ സ്റ്റേഡിയം വേദിയാവുക. ഈ സീസണില്‍ ഒരൊറ്റ തവണ മാത്രമാണ് റോയല്‍സ് 200ല്‍ അധികം റണ്‍സ് വഴങ്ങിയത്. മറുവശത്ത്, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ട് സ്കോറും ഹൈദരാബാദ് ഈ സീസണില്‍ ആയിരുന്നു അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്‌ത് വമ്പൻ സ്കോറുകള്‍ അടിച്ചുകൂട്ടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പതറുന്ന കാഴ്‌ചയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാണാൻ സാധിച്ചത്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ എന്നീ വമ്പൻ അടിക്കാര്‍ ട്രാക്കിലേക്ക് കയറിയില്ലെങ്കില്‍ ഹൈദരാബാദിന് സ്വന്തം തട്ടകത്തിലും പാടുപെടേണ്ടിവരും. പവര്‍പ്ലേയില്‍ ഹൈദരാബാദ് ഓപ്പണര്‍മാരെ മെരുക്കാനുള്ള ഉത്തരവാദിത്തം സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിനെയാകും രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ഏല്‍പ്പിക്കുക.
എയ്‌ഡൻ മാര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, അബ്‌ദുള്‍ സമദ് എന്നിവരുടെ പ്രകടനങ്ങളും ഹൈദരാബാദിന് ഏറെ നിര്‍ണായകമാണ്. മധ്യ ഓവറുകളില്‍ യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്രൻ അശ്വിൻ സഖ്യത്തിന്‍റെ കരുത്തിലാകും രാജസ്ഥാന്‍റെ പ്രതീക്ഷ. ഡെത്ത് ഓവറുകളില്‍ സന്ദീപ് ശര്‍മയാകും അവരുടെ വജ്രായുധം.