ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് വിഹിതത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിഎഫ് റീജ്യനൽ കമ്മിഷണർ എസ്. ഗോപാൽ റെഡ്ഡിയുടേതാണ് ഉത്തരവ്. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാന്‍ പുലകേശിനഗർ പൊലീസിന് നിർദ്ദേശം നൽകി. ഈ മാസം നാലിനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സെഞ്ചുറീസ് ലൈഫ്-സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ പങ്കാളി കൂടിയാണ് റോബിൻ ഉത്തപ്പ.
കമ്പനിയിൽ ജോലി ചെയ്യുന്ന പലരുടേയും ഇപിഎഫ് അടച്ചിട്ടില്ല. ഇപിഎഫ് തുക ശമ്പളത്തിൽ നിന്ന് ഈടാക്കി ജീവനക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാതെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 23 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉത്തപ്പയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
An arrest warrant has been issued against former Indian cricketer Robin Uthappa over provident fund (PF) fraud. He is accused of deducting ₹23 lakh from employees' salaries and withholding their PF contributions while running Century Lifestyle Brand Private Limited pic.twitter.com/62uZnRSeWL
— IANS (@ians_india) December 21, 2024
താരത്തിന്‍റെ പേരിൽ നോട്ടിസ് അയച്ചെങ്കിലും കൈപ്പറ്റാതെ പിഎഫ് ഓഫിസിൽ തന്നെ തിരിച്ചെത്തിയതായാണ് റിപ്പോർട്ട്. ഉത്തപ്പ വസതി മാറിയ സാഹചര്യത്തിലാണ് നോട്ടീസ് മടങ്ങിയതെന്നാണ് സൂചന. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2006-ൽ ഏകദിന ഫോർമാറ്റിലാണ് റോബിൻ ഉത്തപ്പ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. പിന്നാലെ 2007ൽ ടി20യിൽ അരങ്ങേറ്റം കുറിച്ചു. ധോണിയുടെ നായകത്വത്തിൽ 2007 ടി20 ലോകകപ്പ് നേടിയ ടീമിലെ പ്രധാന കളിക്കാരനായിരുന്നു ഉത്തപ്പ.
ഇന്ത്യക്കായി 46 ഏകദിനങ്ങളിൽ 42 ഇന്നിങ്‌സുകളിൽ നിന്ന് 6 അർധസെഞ്ചുറികളോടെ 934 റൺസാണ് താരം നേടിയത്. പുറമെ, 13 ടി20 മത്സരങ്ങളിൽ നിന്ന് 12 ഇന്നിങ്‌സുകളിൽ നിന്നായി ഒരു അർധസെഞ്ചുറിയോടെ 249 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ 205 മത്സരങ്ങളിൽ നിന്ന് 197 ഇന്നിംഗ്‌സുകളിൽ നിന്ന് 27 അർദ്ധ സെഞ്ചുറികളോടെ 4952 റൺസ് താരം തന്‍റെ പേരിൽ കുറിച്ചു.