ഹൈദരാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ജയക്കുതിപ്പ് തുടരാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങും. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയം വേദിയാകുന്ന മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താൻ പാടുപെടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. രാത്രി ഏഴരയ്‌ക്ക് ആരംഭിക്കുന്ന മത്സരം ജിയോ സിനിമയിലൂടെയും സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ആരാധകര്‍ക്ക് കാണാം.
പത്ത് ദിവസങ്ങള്‍ക്ക് മുൻപ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്. ആദ്യം ബാറ്റ് ചെയ്‌ത് 287 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25 റണ്‍സിനായിരുന്നു അന്ന് ജയം സ്വന്തമാക്കിയത്. ഇന്ന് വീണ്ടും അതേ എതിരാളികളെ സ്വന്തം തട്ടകത്തില്‍ നേരിടാൻ ഇറങ്ങുമ്പോഴും ജയം മാത്രമാകും പാറ്റ് കമ്മിൻസും കൂട്ടരും ലക്ഷ്യമിടുന്നത്.
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെൻറിച്ച് ക്ലാസൻ എന്നീ മൂന്നുപേരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ കരുത്ത്. ഈ മൂന്ന് താരങ്ങളില്‍ ഒരാള്‍ ക്ലിക്ക് ആയാല്‍ പോലും വമ്പൻ സ്കോറിലേക്ക് കുതിയ്‌ക്കാൻ എസ്‌ആര്‍എച്ചിന് സാധിക്കും. ഇനി ഇവര്‍ പരാജയപ്പെടുകയാണെങ്കില്‍ മധ്യനിരയില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാൻ കെല്‍പ്പുള്ള മറ്റ് താരങ്ങള്‍ ഉണ്ടെന്നതും ഹൈദരാബാദിന് ആശ്വാസമാണ്.
ബാറ്റര്‍മാര്‍ അടിച്ചെടുക്കുന്ന റണ്‍സ് പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാര്‍ പിശുക്ക് കാട്ടുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തലവേദനയാണ്. വമ്പൻ സ്കോറുകള്‍ തങ്ങള്‍ നേടിയ മത്സരങ്ങളിലെല്ലാം ഏകദേശം അതുപോലെ തന്നെ ഹൈദരാബാദിന്‍റെ ബൗളര്‍മാരും റണ്‍സ് വിട്ടുകൊടുത്തിട്ടുണ്ട്. ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ്, ടി നടരാജൻ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ബൗളിങ് പ്രകടനങ്ങള്‍ ആയിരിക്കും ഇന്ന് സണ്‍റൈസേഴ്‌സിന്‍റെ വിധിയെഴുതുക.