മാഡ്രിഡ്:യുവേഫ നേഷൻസ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലൻഡിനെ തോല്‍പ്പിച്ച് സ്‌പെയിൻ. റോഡ്രിഗസ് ലോപ്പസ് സ്റ്റേഡിയം വേദിയായ പോരാട്ടത്തില്‍ 3-2 എന്ന സ്കോറിനാണ് സ്പെയിന്‍റെ ജയം. അവസാന ഇഞ്ചുറി ടൈമില്‍ ബ്രായൻ സരാഗോസ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് സ്‌പാനിഷ് പട ജയം പിടിച്ചത്.
മൂന്ന് പെനാല്‍റ്റികളുടെ കഥയായിരുന്നു സ്‌പെയിൻ സ്വിറ്റ്‌സര്‍ലൻഡ് മത്സരം. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനാണ് ആദ്യ പെനാല്‍റ്റി കിട്ടിയത്. മത്സരത്തിന്‍റെ 32-ാം മിനിറ്റില്‍ ലഭിച്ച അവസരം ഗോളാക്കി മാറ്റാൻ യുവതാരം പെഡ്രിക്ക് സാധിച്ചില്ല. പെഡ്രിയുടെ കിക്ക് സ്വിസ് ഗോള്‍ കീപ്പര്‍ യ്വോൻ മ്വോഗോ തടുത്തിട്ടു. പിന്നാലെ കിട്ടിയ റീബൗണ്ട് ഗോളാക്കി മാറ്റാൻ നിക്കോ വില്യംസിനും സാധിച്ചില്ല.
സ്വിറ്റ്‌സര്‍ലൻഡ് മധ്യനിര താരം റെമോ ഫ്ര്യൂലര്‍ ബ്ലോക്ക് ചെയ്‌ത പന്ത് പിടിച്ചെടുത്ത് യെറമി പിനോ ലക്ഷ്യം കാണുകയായിരുന്നു. കളിയുടെ ഒന്നാം പകുതി മുഴുവൻ ഈ ലീഡ് നിലനിര്‍ത്താൻ യൂറോപ്യൻ ചാമ്പ്യന്മാര്‍ക്കായി.
63-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലൻഡ് തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു അവസരം നഷ്ടമാക്കിയ ജോയല്‍ മൊന്‍റേയ്‌റോയിലൂടെയാണ് സ്വിറ്റ്‌സര്‍ലൻഡ് സമനില ഗോള്‍ കണ്ടെത്തിയത്. ആദ്യ ഗോള്‍ വഴങ്ങി അധികം വൈകാതെ തന്നെ വീണ്ടും ലീഡ് ഉയര്‍ത്താൻ സ്പെയിന് സാധിച്ചു.