ഹൈദരാബാദ്: ഐസിസി ടെസ്റ്റ് പ്ലെയർ റാങ്കിങ് ലിസ്റ്റ് പുറത്തിറക്കി. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പിന്നിലാക്കി ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതായി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ 9 വിക്കറ്റ് വീഴ്ത്തിയ റബാഡ റാങ്കിങ്ങിൽ നാടകീയമായ മുന്നേറ്റമാണ് നടത്തിയത്.
ബുംറ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയയുടെ ജോസ് ഹാസിൽവുഡാണ് രണ്ടാം സ്ഥാനത്ത്. ഇതാദ്യമായി പാകിസ്ഥാൻ താരം നൊമാൻ അലി ആദ്യ പത്തിൽ ഇടം നേടി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തെ തുടർന്ന് താരം 9-ാം സ്ഥാനത്തേക്ക് ഉയർന്നു.
ഇന്ത്യൻ സ്‌പിൻ രാജാവ് രവിചന്ദ്രൻ അശ്വിൻ ബൗളർമാരുടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ചാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. അതേസമയം ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ടീമിനെ വിജയത്തിലേക്ക് നയിച്ച സ്‌പിന്നർ മിച്ചൽ സാന്‍റ്‌നർ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യമായി 44-ാം സ്ഥാനത്തെത്തി. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ തകർപ്പൻ ബൗൾ ചെയ്‌ത താരം ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് വീഴ്ത്തി അത്ഭുതപ്പെടുത്തി. ടെസ്റ്റിൽ ആകെ 13 വിക്കറ്റുകളാണ് സാന്‍റ്നർ നേടിയത്.