ചറ്റോഗ്രാം: ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 144.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 575 റൺസുമായി ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. മൂന്ന് ബാറ്റര്‍മാര്‍ തങ്ങളുടെ കന്നി ടെസ്റ്റ് സെഞ്ചുറി അടിച്ചപ്പോള്‍ രണ്ടുപേര്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാര്‍ ഏഷ്യയിൽ ഒരേ ടെസ്റ്റ് ഇന്നിങ്സിൽ 100 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്നത്.
ക്യാപ്റ്റൻ എയ്ഡൻ മർക്രം 33 റൺസുമായി നിരാശപ്പെടുത്തിയെങ്കിലും തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഓപ്പണർ ടോണി ഡിസോർസി (177), ട്രിസ്റ്റൻ സ്റ്റബ്സ് (106), വിയാൻ മുൾഡർ (105) എന്നിവരാണ് പ്രോട്ടീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്‌ടപ്പെടുത്തി 38 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്.