ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നവംബർ 8 മുതൽ പര്യടനം നടത്തും. പരമ്പരയിൽ ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്‌മണായിരിക്കും ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകൻ. ബോര്‍ഡര്‍- ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് ഗംഭീര്‍ പോകുന്നതിനാലാണ് പകരം ലക്ഷ്‌മൺ എത്തുന്നതെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്രിക്ബസിനോട് പറഞ്ഞു.
നവംബർ 8, 10, 13, 15 തീയതികളിൽ ഡർബൻ, ഗബേര, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിൽ ഇന്ത്യ നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കും. കൂടാതെ ടീം ഇന്ത്യ നവംബർ 10-11 ന് ബോർഡർ ഗവാസ്‌കർ ട്രോഫിക്കായി പുറപ്പെടും. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സ്റ്റാഫും മറ്റ് പരിശീലകരും ലക്ഷ്‌മണിനൊപ്പം ദക്ഷിണാഫ്രിക്കക്കായി കോച്ചിങ് സംഘത്തിന്‍റെ ഭാഗമാകും. നാല് ടി20 മത്സരങ്ങൾക്കുള്ള സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ഒക്ടോബർ 25ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഇന്ത്യയുടെ ആഭ്യന്തര സീസണിന്‍റെ മധ്യത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനം ഷെഡ്യൂൾ ചെയ്യുന്നതിനെക്കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. 'അടുത്ത മാസം, ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ്, നാല് മത്സരങ്ങളുടെ ടി20 പരമ്പര ദക്ഷിണാഫ്രിക്കയിൽ നടക്കും. അടുത്ത മാസം ഒരു 'എ' ടീമും ഓസ്‌ട്രേലിയയിൽ പര്യടനം നടത്തും, അതിനാൽ ഫലത്തിൽ 50 മുതൽ 60 വരെ കളിക്കാരെ അവരുടെ സംസ്ഥാന ടീമുകൾക്കായി പ്രീമിയർ ദേശീയ ടൂർണമെന്‍റായ രഞ്ജി ട്രോഫിയിൽ ലഭ്യമാകില്ലായെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ സ്‌പോർട്‌സ്റ്റാറിൽ എഴുതിയിരുന്നു.