മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദഗ്‌ധരടക്കം നിരവധി പേര്‍ ഇതിനകം തന്നെ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.
ഭയരഹിതമായാണ് ഇന്ത്യന്‍ ടീം കളിക്കേണ്ടതെന്നാണ് ബിസിസിഐ മുന്‍ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി പറയുന്നത്. പ്രായം പരിഗണിക്കാതെ കഴിവുള്ള താരങ്ങളെ ടൂര്‍ണമെന്‍റിന് അയക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭയമില്ലാതെ കളിക്കുക എന്നതാണ്. ടി20യിൽ പ്രായം സംബന്ധിച്ച യാതൊരു നിയമവുമില്ല. ജെയിംസ് ആൻഡേഴ്‌സൺ ഇപ്പോഴും ടെസ്റ്റ് കളിക്കുകയും, 30 ഓവർ പന്തെറിയുകയും ചെയ്യുന്നു. എംഎസ് ധോണി ഇപ്പോഴും സിക്‌സറുകൾ അടിക്കുന്നു.
ഇരുവരുടേയും പ്രായം 40 വയസിന് മുകളിലാണ്. സിക്‌സടിക്കുക എന്നതാണ് പ്രധാനം. 40 പന്തുകളില്‍ സെഞ്ചുറി അടിക്കാനുള്ള കഴിവ് വിരാട് കോലിയ്‌ക്കുണ്ട്. ടി20യിൽ നിർഭയമായും സ്വതന്ത്രമായും കളിക്കുക എന്നതാണ് പ്രധാനം.
ടൂര്‍ണമെന്‍റില്‍ രോഹിത്, വിരാട് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേണം. അവരെല്ലാം അസാമാന്യ പ്രതിഭകളാണ്. സിക്‌സ് അടിക്കാനുള്ള അവരുടെ കഴിവ് അപാരമാണ്" സൗരവ് ഗാംഗുലി പറഞ്ഞു.